ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകര്‍ത്ത കേസില്‍ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്. 2016 ലാണ് കായംകുളം കട്ടച്ചിറയിലെ വെള്ളാപ്പള്ളി എഞ്ചിനിയറിംഗ് കോളേജില്‍ എസ്എഫ്‌ഐ സമരം നടന്നത്. അന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക് സി തോമസ്. കോളേജ് അടിച്ചു തകര്‍ത്ത കേസിലെ പ്രതിയാണ് ജെയ്ക് സി തോമസ്. കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്‌ഐയുടെ അന്നത്തെ സമരം.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസനം പ്രധാന ചര്‍ച്ചയാക്കുകയാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും. വികസന വിഷയങ്ങളില്‍ പരസ്യസംവാദത്തിന് ഇരുവരും പരസ്പരം വെല്ലുവിളിച്ചു. പുതുപ്പള്ളിയുടെ വികസനം ചര്‍ച്ചയാക്കണമെന്ന് ഇടതുസ്ഥാനാര്‍ത്ഥി വീണ്ടും ആവശ്യപ്പെട്ടതോടെ പിണറായിയുടെ ഭരണത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി തിരിച്ചടിച്ചു.