റാന്നി : റാന്നി പഞ്ചായത്തിൽ 31.74 കോടി രൂപയുടെ ജൽജീവൻ പദ്ധതികൾ നടപ്പിലാക്കും. 3133 പുതിയ ഗാർഹിക കണക്ഷനുകൾ ആണ് പദ്ധതി വഴി നടപ്പാക്കുന്നത്. റാന്നി മേജർ കുടിവെള്ള പദ്ധതി, ചെറുകോൽ – നാരങ്ങാനം – റാന്നി പദ്ധതി എന്നിവയിലൂടെയാണ് റാന്നിയിൽ കുടിവെള്ളം എത്തിക്കുക. പദ്ധതി നടപ്പാകുന്നതോടെ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലെ വീടുകളിലും കുടിവെള്ളം എത്തിക്കുവാൻ കഴിയും. അങ്കണവാടി, സ്കൂൾ എന്നിവിടങ്ങളിലും പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളം നൽകും.
താലൂക്ക് ആശുപത്രി, മൃഗാശുപത്രി, ആരാധനാലയങ്ങൾ, ഇതര പൊതുസ്ഥലങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്താൻ എംഎൽഎ മന്ത്രിയോട് അഭ്യർത്ഥിക്കും. ജൂൺ 30-തോടു കൂടി ശുദ്ധജല കണക്ഷൻ നൽകേണ്ട എല്ലാ ഗുണഭോക്താക്കളുടെയും പട്ടിക അതാത് പഞ്ചായത്ത് മെമ്പർമാരുടെ സഹായത്തോടെ തയ്യാറാക്കും. അന്തിമാനുമതി ലഭിച്ച പദ്ധതിക്ക് സാങ്കേതികാനുമതി ലഭിക്കാനുളള നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.
ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മെമ്പർമാരുടേയും ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. റാന്നിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ , വാട്ടർ അതോറിറ്റി അസി. എക്സി. എഞ്ചിനീയർ ബാബുരാജ്, വിനീത എന്നിവർ പ്രസംഗിച്ചു.