കോന്നി: ജല്‍ ജീവന്‍ പദ്ധതിക്കായി എടുത്ത കുഴികള്‍ അപകടക്കെണികളാകുന്നു. കോന്നി നഗരത്തില്‍ അടക്കം പൈപ്പ് എടുത്ത കുഴികള്‍ ശരിയായ രീതിയില്‍ മൂടാത്തത് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്. കോന്നി പോലീസ് സ്റ്റേഷന്‍ റോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൈപ്പ് സ്ഥാപിക്കുവാന്‍ എടുത്ത കുഴികള്‍ ശരിയായ രീതിയില്‍ മൂടാതെ വന്നതോടെ വാഹനങ്ങളുടെ ടയറുകള്‍ കുഴിയില്‍ താഴുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്. റോഡുകളുടെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ആണ് കൂടുതലും അപകടത്തില്‍ പെടുന്നത്. പഞ്ചായത്ത് റോഡുകളും പൊതുമരാമത്ത് റോഡുകളും അടക്കം പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിക്കുമ്പോള്‍ ബന്ധപ്പെട്ട അധികൃതരോട് ആരോടും തന്നെ അനുമതി വാങ്ങുന്നില്ല എന്നും ആക്ഷപ്പമുണ്ട്. ഇത് കഴിഞ്ഞ കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ചര്‍ച്ചയായിരുന്നു.
വകയാര്‍, കോന്നി ഭാഗങ്ങളില്‍ ആണ് കൂടുതലും വാഹനങ്ങള്‍ അപകടത്തില്‍പെട്ടത്. കോണ്‍ക്രീറ്റ് പൊട്ടിച്ച് മാറ്റുന്ന ഭാഗങ്ങളില്‍ ഇത് പുനഃസ്ഥാപിക്കാതെ റോഡ് നശിപ്പിക്കുന്നതായും പരാതിയുണ്ട്. മഴ കൂടി പെയ്തതോടെ കുഴി എടുത്ത ഭാഗങ്ങളില്‍ വെള്ളം നിറഞ്ഞ് ചെളി രൂപപെടുകയും പലയിടങ്ങളും താഴ്ന്ന് പോവുകയും ചെയ്തിട്ടുണ്ട്. കോന്നി പോലീസ് സ്റ്റേഷന്‍ ഭാഗത്തും കുഴി ഇടിഞ്ഞ് താഴ്ന്ന് അപകട കെണിയായി മാറിയിട്ടുണ്ട്. കോന്നിയിലെ ചെറിയ റോഡുകള്‍ പോലും അപകടാവസ്ഥയില്‍ ആക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നും ആക്ഷേപം ഉയരുന്നു.