റാന്നി : ജൽജീവൻ മിഷൻ നടപ്പാക്കുന്നതിനായി പഴവങ്ങാടി പഞ്ചായത്തിന് 60.19 കോടി രൂപയുടെ പദ്ധതി. ജൽജീവൻ പദ്ധതിയുടെ പ്രവൃത്തികൾ അവലോകനം ചെയ്യാൻ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പഴവങ്ങാടി പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തു. ആകെ 4937 പുതിയ കണക്ഷനുകൾ നൽകും. മൂന്ന് പദ്ധതികളിൽ നിന്നാണ് പഴവങ്ങാടി പഞ്ചായത്തിൽ ജല ലഭ്യത ഉറപ്പാക്കുന്നത്. റാന്നി മേജർ കുടിവെള്ള പദ്ധതി വഴി 7, 8 ,9 വാർഡുകളിലും 12 മുതൽ 16 വരെയുള്ള വാർഡുകളിലും വെള്ളം എത്തിക്കും 2607 കണക്ഷനുകളാണ് ഇതുവഴി ഉള്ളത്. 27.57 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
അടിച്ചിപ്പുഴ പദ്ധതി വഴി 6 ,10,11 വാർഡുകളിൽ കുടിവെള്ളം എത്തിക്കും. 330 കണക്ഷനുകളാണ് പുതുതായി നൽകുന്നത്. 4.81 കോടി രൂപയാണ് ചിലവ്. വെച്ചൂച്ചിറ പദ്ധതി വഴി 1 മുതൽ 5 വരെയും പതിനേഴാം വാർഡിലും കുടിവെള്ളം എത്തിക്കും. 2000 കണക്ഷനുകളാണ് ഇതുവഴി നൽകുക. 27.78 കോടി രൂപയാണ് ചിലവ്. എല്ലാവരേയും ഉൾപ്പെടുത്തി ഗാർഹിക കണക്ഷനുകൾ നൽകേണ്ടവരുടെ പട്ടിക ഒന്നുകൂടി പുനപരിശോധിച്ച് ഈ മാസം 30 ന് ഇല്ലാത്തവരെ കൂടി ഉൾപ്പെടുത്തി പുതിയത് തയ്യാറാക്കാന്‍ എംഎൽഎ നിർദ്ദേശം നൽകി.
പഞ്ചായത്തിൽ 1 മുതൽ 5 വരെ വാർഡുകളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇല്ല. വെച്ചുച്ചിറ പദ്ധതിയിൽ നിന്നും വെള്ളമെത്തിച്ച് ഇവിടെ ജലവിതരണം സാധ്യമാകും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജോൺ ഏബ്രഹാം, വാട്ടർ അതോറിറ്റി എക്സി എൻജിനീയർ ബാബുരാജ്, വിനീത എന്നിവർ പ്രസംഗിച്ചു.