ന്യൂഡല്‍ഹി: കണ്ണ് നഷ്ടപ്പെട്ടിട്ടും നിശ്ചയദാര്‍ഢ്യംകൊണ്ട് പ്രബന്ധം തയ്യാറാക്കി. ജാമിയമിലിയിലെ പോലീസ് ക്രൂരതയ്ക്ക് ഇരയായ വിദ്യര്‍ത്ഥിയെ തേടി പുരസ്കാരം. അന്തര്‍ദേശീയ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രബന്ധം തയാറാക്കുന്നതിനിടയിലാണ് ജാമിഅമിലിയ സര്‍വകലാശാലയിലെ ലൈബ്രറിയില്‍ അതിക്രമിച്ചു കയറിയ ഡല്‍ഹി പോലീസ് മുഹമ്മദ് മിന്‍ഹാജുദ്ദീന്റെ വലത് കണ്ണ് ലാത്തികൊണ്ട് കുത്തിപ്പൊട്ടിച്ചത്. ആ കണ്ണില്‍ അവശേഷിച്ച കാഴ്ചകൊണ്ട് പൂര്‍ത്തിയാക്കിയ പ്രബന്ധം ആ സമ്മേളനത്തിലെ മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരത്തിനര്ഹമാകുകയും ചെയ്തു. ജാമിഅ ടീച്ചേഴ്സ് അസോസിയേഷന് (ജെ.ടി.എ) സംഘടിപ്പിച്ച അന്താരാഷ്്ട്ര അക്കാദമിക സമ്മേളനത്തിലാണ് നിശ്ചയദാര്‍ഢ്യംകൊണ്ട് മിന്‍ഹാജ് പ്രതിഭ തെളിയിച്ചത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 15 ന് നടന്ന പ്രതിഷേധത്തിനിടെ ജാമിഅ കാമ്പസില്‍ അതിക്രമിച്ചു കയറി പോലീസ് നടത്തിയ തേര്‍വാഴ്ചയിലാണ് മിന്ഹാജുദ്ദീന് ഒരു കണ്ണു നഷ്ടമാവുന്നത്. അക്കാദമിക് കോണ്‍ഫറന്‍സിലേക്കുള്ള പ്രബന്ധം തയാറാക്കുകയായിരുന്നു മിന്ഹാജുദ്ദീന് അടക്കമുള്ള വിദ്യാര്‍ഥികള്‍. ലൈബ്രറിയിലേക്ക് ഗ്രനേഡ് പ്രയോഗിച്ചതിനു ശേഷമായിരുന്നു പോലിസിന്റെ തേര്‍വാഴ്ച. അതിക്രമത്തില്‍ പരിക്കേറ്റ മിന്ഹാജുദ്ദീന് ഏറെ നാള് ഡല്‍ഹി എയിംസില്‍ ചികിത്സിയിലായിരുന്നു. ചികിത്സാ ചെലവിലേക്ക് ഡല്‍ഹി വഖഫ് ബോര്‍ഡ് അഞ്ചുലക്ഷം രൂപ നല്‍കിയിരുന്നു.
കുത്തേറ്റ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയതോടെ മിന്ഹാജുദ്ദീന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ കോടതി കേന്ദ്രസര്‍ക്കാറിനും ഡല്‍ഹി പോലീസിനും നോട്ടീസ് അയച്ചിരിക്കുകയാണ്. ജാമിഅയില്‍ എല്‍എല്‍.എം വിദ്യാര്‍ഥിയായ മിന്‍ഹാജ് ബിഹാര്‍ സ്വദേശിയാണ്. പോലീസ് അതിക്രമത്തിന് ശേഷം പഠനം ഉപേക്ഷിച്ച് മടങ്ങാന്‍ കുടുംബം മിന്‍ഹാജിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹത്തില്‍ ഉറച്ചുനിന്നതോടെ പഠനം തുടരാന്‍ കുടുംബം സമ്മതിക്കുകയായിരുന്നു.
ഡല്‍ഹി പോലീസ് അതിക്രമത്തില്‍ ലൈബ്രറി തകര്ത്തതിന്റെതടക്കം 2.66 കോടി രൂപയുടെ ബില്‍ ജാമിഅ സര്‍വകലാശാല ബുധനാഴ്ച കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. 4.75 ലക്ഷം വില വരുന്ന 25 സി.സി ടി.വി കാമറകളും ലൈബ്രറിയിലെ എ.സി യൂണിറ്റുകള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രാണിക് സംവിധാനം തുടങ്ങിയ പോലീസ് തകര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലൈബ്രറിയില്‍ പോലീസ് നടത്തുന്ന തേര്‍വാഴ്ചയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിലായി ജാമിഅ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടിരുന്നു.