ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാര്‍, ഹിമാചല്‍ പ്രദേശിലെ ലാഹോള്‍, സ്പിതി എന്നി വ്യത്യസ്ത ഇടങ്ങളിലായുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗിക്കുകയാണ്. തീര്‍ഥാടന കേന്ദ്രമായ അമര്‍നാഥ് ക്ഷേത്ര പരിസരത്തും മേഘ വിസ്‌ഫോടനമുണ്ടായി.
ഹിമാചല്‍ പ്രദേശില്‍ 14 പേരും കിഷ്ത്വാറില്‍ എട്ട് പേരുമാണ് മരണപ്പെട്ടത്. പേമാരിയില്‍ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ നിരവധി വീടുകള്‍ നിലംപതിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. ശക്തമായ മഴയില്‍ നദിയില്‍ ജലനിരപ്പ് ഉയരുകയായിരുന്നു.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹിമാചല്‍ പ്രദേശിലെ ലാഹോളില്‍ 10 പേരും കുളുവില്‍ നാല് പേരുമാണ് മരിച്ചത്. കുളുവില്‍ ശക്തമായ ജലമൊഴുക്ക് തുടരുകയാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കപ്പെടുന്നതായും ചീഫ് സെക്രട്ടറി പറഞ്ഞു. നദീതീരത്താണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുള്ളത്. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.