ശ്രീനഗര്‍: ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജി.സി. മുര്‍മു രാജിവെച്ചു. ആകാശവാണിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജേഷ് മെഹര്‍ ആയിരിക്കും പുതിയ ലഫ്. ഗവര്‍ണര്‍ എന്നാണ് വിവരം.
കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി.എ.ജി) ആയി സ്ഥാനമേറ്റെടുക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം രാജിക്കത്ത് കൈമാറിയിട്ടുണ്ട്. രാജി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളില്ല. നിലവില്‍ സി.എ.ജിയായിരുന്ന രാജീവ് മെഹ്റിഷി ആഗസ്റ്റ് ഏഴിന് വിരമിക്കും. ഈ ഒഴിവിലേക്കാണ് ഇദ്ദേഹത്തെ നിയമിക്കുന്നതെന്നാണ് വിവരം.
1985 ഗുജറാത്ത് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ മുര്‍മുവിനെ 2019 ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു-കശ്മീരിന്റെ ലഫ്. ഗവര്‍ണറായി നിയമിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്ത കളഞ്ഞ് ഒരു വര്‍ഷം തികയുന്ന ദിനത്തിലാണ് രാജിയെന്നതും യാദൃശ്ചികമായി.