പത്തനംതിട്ട : ജനക്ഷേമം സംരിക്ഷക്കുന്നതിനു പകരം അധികാരം നില നിർത്തുന്നതിനുവേണ്ടി വർഗീയ വേർതിരിവുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ആരോപിച്ചു. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കുമെതിരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെയും കെപിസിസിയുടെയും ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആന്റോ ആന്റണി എംപി നയിക്കുന്ന ജൻ ജാഗരൺ അഭിയാൻ പദയാത്ര കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന് നടുവിലേക്ക് രാജ്യത്തെ ജനങ്ങളെ എറിഞ്ഞു കൊടുത്ത ഭരണാധികാരിയാണ് നരേന്ദ്ര മോദി. ഒരു സുപ്രഭാതത്തിൽ ആരോടും പറയാതെ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് രാജ്യത്തെ പട്ടിണിയിലേക്കും തൊഴിലില്ലാഴ്മയിലേക്കും തള്ളിവിട്ടു. സാമ്പത്തിക തകർച്ചയിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇരട്ടി പ്രഹരമായി ഇന്ധന വിലയും വർദ്ധിപ്പിച്ച് പ്രതിസന്ധിയിലാക്കി. അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വില അനുസരിച്ച് ഇന്ത്യയിൽ 60 രൂപയ്ക്ക് നൽകാവുന്ന പെട്രോളിന് നികുതി വർദ്ധനവിലൂടെ ജനങ്ങളിൽ അധിക ഭാരം ചുമത്തി ദ്രോഹിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും കെ സി വേണുഗോപാൽ എംപി പറഞ്ഞു.
കർഷക താത്പര്യങ്ങൾക്ക് വിരുദ്ധമായി നിയമം നിർമ്മിക്കുകയും കർഷകരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അത് പിൻവലിക്കേണ്ടി വന്നു. എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്ഥാവനയിലൂടെ ബിജെപിയുടെ യഥാർത്ഥ മുഖം വെളിച്ചത്തുവന്നിരിക്കുകയാണ്. സംസ്ഥാന സർക്കാരും ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുകയാണ്. കെ റെയിൽ എന്നത് കമ്മീഷൻ റെയിലായി മാറിയിരിക്കുന്നു. സാധാരണക്കാരന് യാതൊരു പ്രയോജനവും ഇല്ലാത്ത ഈ പദ്ധതി യാതൊരു കാരണവശാലും നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും കെ സി വേണുഗോപാൽ എംപി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്ട്രീയ കാര്യ സമിതി അംഗം പ്രൊഫ. പി ജെ കുര്യൻ, എം കെ പ്രേമചന്ദ്രൻ എംപി, കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ ഷൈലാജ്, പഴകുളം മധു, എം എം നസീർ, നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ ഡിസിസി പ്രസിഡന്റുമാരായ പി മോഹൻരാജ്, ബാബു ജോർജ്, എഐസിസി അംഗം മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, മുൻ മന്ത്രി പന്തളം സുധാകരൻ, കെപിസിസി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഡിസിസി ഭാരവാഹികളായ എ സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം,
കെ കെ റോയ്‌സൺ, ജെറി മാത്യു സാം, സുനിൽ എസ് ലാൽ, വെട്ടൂർ ജ്യോതിപ്രസാദ്, കാട്ടൂർ അബ്ദുൾ കലാം, സജി കൊട്ടയ്ക്കാട്, മാത്യു കുളത്തുങ്കൽ, കെ ജയവർമ്മ, അനിൽ തോമസ്, ഹരികുമാർ പൂതങ്കര, എസ് ബിനു, അബ്ദുൾ കലാം ആസാദ്, വി ആർ സോജി, റെജി പൂവത്തൂർ, എൻ സി മനോജ്, ഹരികുമാർ പൂതങ്കര, കോഴഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോമോൻ പുത്തൻപറമ്പിൽ, തിരുവല്ല നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാർ എന്നിവർ പ്രസംഗിച്ചു.