പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു. പുത്തന്‍പീടിക ബദ്‌സെയ്ദ ആശുപത്രി ജംഗ്ഷനിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പറയനാലി വാര്‍ഡിലെ കുടുംബശ്രീ സംരംഭ ഗ്രൂപ്പ് ആണ് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടലിന്റെ വാടക, വൈദ്യുതി ചാര്‍ജ്ജ്, വെള്ളക്കരം എന്നിവ ഗ്രാമപഞ്ചായത്ത് നല്‍കും. ഒരു ഊണിന് 20 രൂപയാണ് വില. ഭക്ഷണപ്പൊതി വീട്ടിലെത്തിക്കുകയാണെങ്കില്‍ 25 രൂപ നല്‍കണം. ഭക്ഷണം വിലയ്ക്ക് വാങ്ങുവാന്‍ നിവൃത്തി ഇല്ലാത്തവര്‍ക്കും കിടപ്പ് രോഗികള്‍ എന്നിവര്‍ ഉണ്ടെങ്കില്‍ പഞ്ചായത്ത് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്.
ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും നിവൃത്തി ഇല്ലാത്തവര്‍ക്ക് പഞ്ചായത്തിന്റെ ചെലവില്‍ ഭക്ഷണം വീടുകളില്‍ എത്തിക്കുമെന്നും പ്രസിഡിന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.