തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘വിശപ്പുരഹിത കേരളം (സുഭിക്ഷ)’ പദ്ധതി പാതിവഴിയില്‍ പാളി. ഭക്ഷ്യവകുപ്പിന്റെ നടപടികളോട് തദ്ദേശ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും മുഖംതിരിഞ്ഞ് നിന്നതോടെ പദ്ധതി മൂന്ന് ജില്ലകളിലായി ഒതുങ്ങി. ഇതോടെ ‘സുഭിക്ഷ ഉച്ചഭക്ഷണശാല’ക്കായി ബജറ്റില്‍ നീക്കിവെച്ച കോടികളും പാഴായി.
ആശ്രയവും വരുമാനവുമില്ലാത്തവര്‍ക്ക് ഒരു നേരത്തെയെങ്കിലും ആഹാരം സൗജന്യമായി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് 2017ല്‍ ഇടത് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ മുഖേന ആരംഭിക്കുന്ന ഉച്ചഭക്ഷണശാലയില്നിന്ന് അശരണരായ കിടപ്പുരോഗികള്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ചും അഗതികള്‍ക്ക് സൗജന്യ കൂപ്പണ്‍ മുഖേനയും മറ്റ് ആവശ്യക്കാര്‍ക്ക് 20 രൂപ നിരക്കിലും ഊണ് നല്‍കുന്നതായിരുന്നു പദ്ധതി. ആദ്യഘട്ടത്തില്‍ 70 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.
എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം 2019 ആഗസ്റ്റിലാണ് ആദ്യമായി ഉച്ചഭക്ഷണശാല ആലപ്പുഴ ജില്ലയില്‍ ആരംഭിക്കാനായത്. ഭക്ഷണശാലകള്ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റ് പലചരക്ക് സാധനങ്ങളും സബ്സിഡി തുകക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനാണ് നല്‍കിയത്.
ആലപ്പുഴയില്‍ വിജയം കണ്ടതോടെ 13 ജില്ലകളിലും നടപ്പാക്കാന്‍ 2019-2020ല്‍ 14 കോടി വകയിരുത്തിയെങ്കിലും കോട്ടയത്തും തൃശൂരും മാത്രമാണ് ഭക്ഷണശാല ആരംഭിക്കാനായത്. ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതില്‍ കളക്ടര്‍മാര്‍ താല്പര്യം പ്രകടിപ്പിക്കാത്തതും കണ്ടെത്തുന്ന സ്ഥലം വിട്ടുനല്‍കുന്നതിനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വിമുഖതയും ഉയര്‍ന്ന വാടകയും പദ്ധതിക്ക് തിരിച്ചടിയായി. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഭക്ഷണശാലകള്‍ ആരംഭിക്കാന്‍ 84 ലക്ഷം ബജറ്റില്‍ വകയിരുത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ ഉഴപ്പിയതോടെ പദ്ധതി പാളി.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി പൊതുജനത്തിന് 20 രൂപക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് 1000 ജനകീയ ഹോട്ടലുകള്‍ എന്ന പ്രഖ്യാപനവും പൂര്‍ണതയിലെത്തിയില്ല. ഹോട്ടല്‍ ആരംഭിക്കാനുള്ള കെട്ടിടം തദ്ദേശ സ്ഥാപനങ്ങളും ഊണിനുവേണ്ട അരി കിലോക്ക് 10.90 രൂപ നിരക്കില്‍ പൊതുവിതരണവകുപ്പും നല്‍കിയാണ് ജനകീയ ഹോട്ടല്‍ വിഭാവനം ചെയ്തത്.
എന്നാല്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജനുവരിവരെ 680 ഹോട്ടലുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതില്‍ 350 ഓളം കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു. ഇവ പേരുമാറ്റിയാണ് ജനകീയ ഹോട്ടലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എണ്ണം പെരുപ്പിച്ചത്.