റാന്നി: നിർമ്മാണത്തിലെ അപാകതകളിൽ അഴിമതി ആരോപണം നേരിടുന്ന ജണ്ടായിക്കൽ അത്തിക്കയം റോഡ് വീണ്ടും പൊളിച്ചു പണിയുന്നു. പ്രശ്ന ബാധിതമായി കണ്ടെത്തിയ പ്രദേശങ്ങളിലെ ടാറിംഗ് പൂർണ്ണമായും ഇളക്കി മാറ്റിയ ശേഷം പുതിയതായി ടാറിങ് നടത്തുവാനുള്ള ജോലികള്‍ക്ക് തുടക്കമായി. ജണ്ടായിക്കൽ -അത്തിക്കയം റോഡിൻ്റെ നിർമ്മാണത്തിലെ അപാകത വിജിലൻസ് അന്വേഷിച്ചു പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ റോഡുപണിയിലെ ക്രമക്കേട് വിജിലൻ അന്വേഷിക്കണമെന്ന് ആവിശ്യപെട്ട് നാട്ടുകാര്‍ പ്രതിഷേധ ധർണ്ണയും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം റോഡ് പണി വീണ്ടും പുനരാരംഭിച്ചത്.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു പ്രശ്ന ബാധിത പ്രദേശങ്ങളിലെ ടാറിംഗ് ഇളക്കുന്ന ജോലികളാണ് നടന്നു വരുന്നത്. നിലവിൽ ആരംഭിച്ച പണിയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന നിലപാടിലാണ് പ്രദേശവാസികൾ. റോഡുപണിയിൽ അപാകത സംഭവിച്ചെന്ന് ബോധ്യമായതിനെ തുടർന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം എൽ എ പരാതിയുമായി മന്ത്രിയുടെ മുന്നിൽ എത്തിയിരുന്നു. 4 കോടി രൂപ ചിലവഴിച്ചാണ് ജണ്ടായിക്കൽ – വലിയ കുളം – അത്തിക്കയം റോഡ് മാസങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ചത്. എന്നാൽ പണി കഴിഞ്ഞ അന്നേ ദിവസം മുതൽ റോഡിൻ്റെ പലഭാഗത്തും ടാറിംഗ് ഇളകി തുടങ്ങി. ഇതിനു പിന്നാലെയാണ് നാട്ടുകാരും ജനപ്രതിനിധികളും പ്രശ്നത്തിൽ ഇടപെടുകയും പരാതിയുമായി മുന്നോട്ട് പോകുകയും ചെയ്തത്.