ടോക്കിയോ: അമാനുഷിക ശക്തികളെ പേടിയില്ലെന്ന് അവകാശപ്പെടുന്ന ധൈര്യശാലികൾക്ക് വൻ വരുമാനം നേടാൻ ഇതാ ഒരു വിചിത്ര ജോലി. പ്രേതബാധയുണ്ടെന്ന് സംശയിക്കുന്നതോ ദുരൂഹമായ ഭൂതകാലമുള്ളതോ ആയ വീടുകളിൽ ഒറ്റരാത്രി താമസിച്ച് ഭയമില്ലെന്ന് തെളിയിക്കുന്ന ‘പെയ്ഡ് ഹൗസ് സിറ്റർമാരാണ്’ ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിലെ പുതിയ തരംഗം. ഇത്തരം വീടുകളിൽ ഒരു രാത്രി ചിലവഴിക്കാൻ വസ്തു ഉടമകൾ നൽകുന്നത് 88,000 യെൻ വരെയാണ് (ഏകദേശം 52,000 ഇന്ത്യൻ രൂപ). അന്ധവിശ്വാസങ്ങളും ഭയവും കാരണം വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ ആളില്ലാതെ കിടക്കുന്ന ആയിരക്കണക്കിന് പ്രോപ്പർട്ടികൾ ജനവാസയോഗ്യമാക്കുകയാണ് ഈ വ്യത്യസ്ത നീക്കത്തിന് പിന്നിൽ. കൊലപാതകം, ആത്മഹത്യ, മാരകമായ തീപിടിത്തം എന്നിവ നടന്നതോ അല്ലെങ്കിൽ പ്രായമായവർ ആരുമില്ലാതെ തനിയെ മരിച്ച് ദിവസങ്ങളോളം കിടന്നതോ ആയ വീടുകളെയാണ് ജപ്പാനിൽ ‘ജിക്കോ ബുക്കൻ’എന്ന് വിളിക്കുന്നത്.
ഇത്തരം ചരിത്രമുള്ള വീടുകളെക്കുറിച്ച് വാങ്ങാൻ വരുന്നവരെയോ വാടകക്കാരെയോ കൃത്യമായി അറിയിക്കണമെന്ന് ജാപ്പനീസ് നിയമപ്രകാരം റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഭൂരിഭാഗം ആളുകളും ഇത്തരം വീടുകളിലേക്ക് മാറാൻ മടിക്കാറാണ് പതിവ്.ഈ പ്രതിസന്ധി മറികടക്കാനാണ് റിയൽ എസ്റ്റേറ്റ് ഉടമകൾ ‘രാത്രികാല അന്വേഷകരെ’ വാടകയ്‌ക്കെടുക്കുന്നത്. ക്യാമറകളും അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളുമായി ഈ വീടുകൾക്കുള്ളിൽ രാത്രി മുഴുവൻ ചിലവഴിക്കുന്ന ഇവർ, അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ലെങ്കിൽ അവിടെ അമാനുഷിക ശക്തികളുടെ സാന്നിധ്യമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ഔദ്യോഗിക സർട്ടിഫിക്കറ്റ് ഉടമയ്ക്ക് നൽകും. തങ്ങൾ സർട്ടിഫൈ ചെയ്ത വീടുകളിൽ പിന്നീട് എപ്പോഴെങ്കിലും പ്രേതബാധ തെളിയിക്കപ്പെട്ടാൽ വൻ തുക നഷ്ടപരിഹാരം നൽകുമെന്ന് വരെ ചില ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ ജനനനിരക്കും നഗരങ്ങളിലേക്കുള്ള കുടിയേറ്റവും കാരണം ജപ്പാനിൽ ലക്ഷക്കണക്കിന് വീടുകളാണ് ആളൊഴിഞ്ഞുകിടക്കുന്നത്.
ഇതിൽ ‘ജിക്കോ ബുക്കൻ’ വിഭാഗത്തിൽപ്പെടുന്ന വീടുകൾ സാധാരണയായി സമാനമായ മറ്റ് വീടുകളേക്കാൾ 20 മുതൽ 50 ശതമാനം വരെ വിലക്കിഴിവിലാണ് വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ചെയ്യുന്നത്.വസ്തുവില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ, കുറഞ്ഞ ചിലവിൽ വീട് തിരയുന്ന സാധാരണക്കാർക്കും യുവാക്കൾക്കും ഇത്തരം ഡിസ്കൗണ്ട് വീടുകൾ ഇപ്പോൾ പ്രിയപ്പെട്ടതായി മാറുകയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രേതവിശ്വാസങ്ങളെപ്പോലും ഒരു ബിസിനസ്സ് മാർഗ്ഗമാക്കി മാറ്റിയ ജപ്പാന്റെ ഈ ബുദ്ധി ആഗോളതലത്തിലും ഇപ്പോൾ ചർച്ചയാവുകയാണ്.






























