കൊല്ലം : റെയില്‍വെ സ്റ്റേഷനില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ പ്രസവിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന് ദാരുണാന്ത്യം. മുപ്പതുകാരിയായ ജാനുവതിയാണ് പ്രസവിച്ചത്. തിരുനെല്‍വേലിയില്‍നിന്ന് പാലരുവി എക്‌സ്പ്രസ് ട്രെയിന്‍ വന്ന് പോയ ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സ്ത്രീയെയും കുഞ്ഞിനെയും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തിയത്.
വളരെ ക്ഷീണിതയായ നിലയില്‍ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുന്ന യുവതിയെ കണ്ട ശുചീകരണ തൊഴിലാളി സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചു. കുഞ്ഞിനെ പഴയ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പ്രസവിച്ച് കുറച്ച് നേരം കഴിഞ്ഞിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതുപ്രകാരം സ്റ്റേഷനിലുള്ള എന്‍.എസ് സഹകരണ ആശുപത്രിയുടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലെ നഴ്‌സ് വിഷ്ണു എസ്.ഗോപന്‍ ഉടനെയെത്തി.
അനക്കമില്ലാതെ കണ്ട കുഞ്ഞിന് വിഷ്ണു പ്രാഥമിക ശുശ്രൂഷ നല്‍കി. കേരള പൊലീസിന്റെയും റെയില്‍വെ പൊലീസിന്റെയും സഹായത്തോടെ ഉടന്‍ ആംബുലന്‍സില്‍ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. യുവതി വിക്ടോറിയ ആശുപത്രിയില്‍ ചികിത്സിയിലാണ്. ആരോഗ്യനില തൃപ്തികരമാണ്. യുവതി പാലരുവി എക്‌സ്പ്രസിലെത്തിയതാകാമെന്നാണ് കരുതുന്നത്. പ്ലാറ്റ്‌ഫോമില്‍ പെട്ടെന്ന് ശ്രദ്ധിക്കാത്ത തരത്തില്‍ കുറച്ചുമാറിയാണ് യുവതിയുണ്ടായിരുന്നത്. അതിനാല്‍ യാത്രക്കാരുടെ ശ്രദ്ധയിലും പെട്ടില്ല.