കൊച്ചി : ജസ്ന തിരോധാനത്തിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ഷിർസിയുടെ കാറിലേക്കു കരിഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ പിതാവ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ച ആളാണു പ്രതിയെന്നു ജസ്നയുടെ പിതാവ് ജയിംസ് പറഞ്ഞു. ഈ മാധ്യമത്തിന്‍റെ പ്രതിനിധിയെന്ന നിലയ്ക്കു പ്രതി രഘുനാഥന്‍ നായര്‍ കാണാന്‍ വന്നിരുന്നുവെന്നും ജയിംസ് പറഞ്ഞു.
കോട്ടയം സ്വദേശിയാണു രഘുനാഥൻ നായർ. ഹൈക്കോടതിയുടെ മുഖ്യ കവാടത്തിനു മുൻപിൽനിന്നും 50 മീറ്റർ മാറിയാണു കരി ഓയിൽ ഒഴിച്ചത്. സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു. പത്തനംതിട്ടയിൽനിന്നും കാണാതായ ജെസ്‌ന മരിയ ജയിംസിന്‍റെ തിരോധനം കൊലപാതകം ആണെന്നും ഇതിനെക്കുറിച്ച് നൽകിയ പരാതികൾ പോലീസ് അവഗണിച്ചു എന്നും ആരോപിച്ചാണ് കരിഓയിൽ ഒഴിച്ചത് എന്നാണ് ഇയാൾ അറിയിച്ചിട്ടുള്ളത്.
രഘുനാഥനു മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ജഡ്ജിക്കു നേരെയുണ്ടായ ആക്രമണം അതീവ ഗുരുതര സുരക്ഷാവീഴ്ചയാണെന്ന വിലയിരുത്തലിലാണു ൈഹക്കോടതി. കോടതിക്ക് സുരക്ഷ കൂട്ടാനുള്ള നടപടികളുണ്ടായേക്കും. സംഭവ സ്ഥലത്തെത്തിയ ഡിസിപിയോട് റജിസ്ട്രാർ ഇക്കാര്യങ്ങൾ സൂചിപ്പിച്ചു. 2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫിന്റെ മകൾ ജെസ്നയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു.