കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയെപ്പറ്റി നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചു എന്ന് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി. കേസില്‍ അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്നും ലോക്ക് ഡൗണ്‍ കഴിയുമ്പോള്‍ കേസ് ക്ലോസ് ചെയ്യുമെന്നുമാണ് തച്ചങ്കരി വ്യക്തമാക്കിയത്. ക്രൈം ബ്രാഞ്ച് എസ്പിയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുമായ കെ.ജി സൈമണിനാണ് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോക്ക് ഡൗണായതിനാല്‍ പല നിര്‍ണ്ണായക കേസുകളുടെയും അന്വേഷണങ്ങളും വഴിമുട്ടി നില്‍ക്കുകയാണ്. 2018 മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് ജസ്‌ന മരിയ ജയിംസിനെ കാണാതായത്. എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും കേസ് അന്വേഷിച്ചെങ്കിലും ഒരുതുമ്പും ഉണ്ടാക്കാനായില്ല. തുടര്‍ന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. 2018 ഒക്ടോബറിലാണ് ജെസ്‌ന മരിയ ജയിംസിന്റെ തിരോധാന കേസ് ഫയലുകള്‍ പത്തനംതിട്ട പോലീസ് ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ജെസ്‌നയുടെ മൊബൈല്‍, പുസ്തകങ്ങള്‍, ഫോണ്‍ ഡയറി തുടങ്ങി കൈവശമുണ്ടായിരുന്ന എല്ലാ രേഖകളും ക്രൈം ബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ പോലീസ് ചോദ്യം ചെയ്തവരില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെട്ട പോലീസ് ഫയലുകളും ഇതില്‍പ്പെടും. വെച്ചൂച്ചിറ പോലീസ് അഞ്ചു മാസം അന്വേഷിച്ചിട്ടും സൂചനയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന് ഫയല്‍ കൈമാറിയത്. എന്നാല്‍ അന്വേഷണം എങ്ങുമെത്താതിരുന്നതോടെയാണ് കൊല്ലം ക്രൈം ബ്രാഞ്ചിന് കേസ് വിട്ടത്.
കൂടത്തായി കൊലക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കെ.ജി സൈമണ്‍. വര്‍ഷങ്ങളുടെ പഴക്കവും ഇടവേളകളുമുണ്ടായ കൂടത്തായി കൂട്ടക്കൊലപാതകക്കേസ് കണ്ടുപിടിച്ചത് തന്നെ കേരള പോലീസിന് വലിയ ക്രെഡിറ്റായിരുന്നു. സാധാരണ ഗതിയില്‍ അടുത്ത ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മൊഴികളോ പരാതികളോ ഇല്ലാത്ത സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ തെളിയിക്കപ്പെടുക ദുഷ്‌കരമാണ്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴികള്‍ വിശ്വസിക്കാനേ ഇത്തരം കേസുകളില്‍ പോലീസിന് കഴിയൂ. തൂങ്ങിമരണം പോലുള്ള കേസുകളാണെങ്കില്‍ ചെറിയ സൂചനകള്‍ ലഭിച്ചെന്നിരിക്കും.
കൂടത്തായിയില്‍ പലതിലും പോസ്റ്റുമോര്‍ട്ടം പരിശോധനകള്‍ നടന്നിട്ടില്ല. റോയിയുടെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം നടന്നെങ്കിലും മൃതദേഹം കാണപ്പെട്ടത് അടച്ചിട്ട ബാത്ത് റൂമിലായതിനാല്‍ അതിലും കാര്യമായ സംശയം ആര്‍ക്കുമുണ്ടായില്ല. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ക്കിടയിലും പോലീസിന് കൊലപാതകം കണ്ടുപിടിക്കാനായത് അന്വേഷണത്തിന് നേതൃത്വം നല്‍കിയ വടകര റൂറല്‍ എസ്പി കെ.ജി സൈമണിന്റെ അന്വേഷണ വൈദഗ്ദ്ധ്യം മൂലമാണ്. ജെസ്‌നയുടെ തിരോധാന കേസ് ഏറ്റെടുത്തതോടെ തന്നെ നിരവധി നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് ലഭ്യമായിട്ടുണ്ട്. അതിനാല്‍ തന്നെ ജെസ്‌നയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തു വരും. ലോക്ക്ഡൗണ്‍ അവസാനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിശദവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും എ.ഡി.ജി.പി ഉറപ്പ് നല്‍കി.