തമിഴകത്ത് അന്നും ഇന്നും നയൻതാരയ്ക്കുള്ള ആരാധക വൃന്ദം ചെറുതല്ല. മറ്റൊരു നടിയും നയൻതാരയെ പോലെ ആഘോഷിക്കപ്പെടുന്നത് കണ്ടിട്ടില്ലെന്നാണ് നടി സുഹാസിനി അടുത്തിടെ ചൂണ്ടിക്കാട്ടിയത്. പ്രഗൽഭരായ നിരവധി നടിമാരെ തെന്നിന്ത്യൻ സിനിമാ ലോകം കണ്ടിട്ടുണ്ടെങ്കിലും കരിയറിന്‍റെ ഒരു ഘട്ടത്തിൽ ഇവർക്കെല്ലാം മാർക്കറ്റ് മൂല്യം നഷ്ടപ്പെട്ടു. എന്നാൽ നയൻതാര, തൃഷ തുടങ്ങിയ നടിമാർക്ക് മാത്രമാണ് വീഴച്കളിൽ നിന്നും വീണ്ടും ഉയർന്ന് വരാൻ കഴിഞ്ഞത്. തെന്നിന്ത്യയിലെ വിജയക്കുതിപ്പിന് ശേഷം ബോളിവുഡിലേക്കും കടന്നിരിക്കുകയാണ് നയൻതാര. ജവാനാണ് നയൻതാരയുടെ ആദ്യ ബോളിവുഡ് സിനിമ.
ഷാരൂഖ് ഖാൻ, വിജയ് സേതുപതി തുടങ്ങി വൻ താരനിര അണിനിരക്കുന്ന സിനിമയിൽ സുപ്രധാന വേഷമാണ് നയൻതാരയ്ക്ക്. ജവാനിലെ നായികയെന്ന കാരണത്താൽ കഴിഞ്ഞ ദിവസങ്ങളിലാണ് ബോളിവുഡ് മാധ്യമങ്ങളിലും നയൻതാര പ്രധാന വിഷയമാണ്. നടിയുടെ സമ്പാദ്യ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 20 വർഷം നീണ്ട കരിയറിലൂടെ നയൻതാരയുണ്ടാക്കിയ സമ്പാദ്യങ്ങൾ ചെറുതല്ല. റിയൽ എസ്റ്റേറ്റ്, ബിസിനസുകൾ, അന്താരാഷ്ട്ര ബ്രാൻഡുകളിലെ നിക്ഷേപം തുടങ്ങി പല വഴികളിലൂടെ നയൻതാര തന്റെ സമ്പാദ്യം ഇരട്ടിപ്പിക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം 200 കോടിക്കടുത്താണ് നയൻതാരയുടെ ആസ്തി. സിനിമ തന്നെയാണ് നടിയുടെ പ്രധാന വരുമാന ശ്രോതസ്.
ജവാനിൽ 11 കോടി രൂപയാണ് നയൻതാര പ്രതിഫലമായി വാങ്ങിയത്. തെന്നിന്ത്യയിൽ ഒരു നായിക നടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്. റിലീസിനൊരുങ്ങുന്ന ഇരവൈനിൽ 10 കോടി രൂപയാണ് നടി വാങ്ങുന്ന പ്രതിഫലമെന്നും റിപ്പോർട്ടുണ്ട്. തനിഷ്ക് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ പരസ്യത്തിലും നയൻതാര മുഖം കാണിക്കുന്നുണ്ട്. കോടികളാണ് പരസ്യങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതിഫലം. ചെന്നെെയിലെ ആഡംബര വസതിയിലാണ് നടി താമസിക്കുന്നത്. പോയസ് ഗാർഡനിലെ വീടിന്റെ വില 100 കോടി രൂപയാണ്. ഇതിന് പുറമെ കേരളത്തിൽ മാതാപിതാക്കൾ താമസിക്കുന്ന വീടിന് 15 കോടി വിലയുണ്ട്. ഹൈദരാബാദിൽ ബഞ്ചാര ഹിൽസിലുള്ള വീടിനും ഇത്ര തന്നെ വിലയുണ്ട്.
മുംബെെയിൽ ഒരു വീട് താരം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സ്വന്തമായി ഒരു ജെറ്റും നയൻതാരയ്ക്കുണ്ട്. വിവാഹത്തിന് മുമ്പാണ് താരം ഈ പ്രെെവറ്റ് ജെറ്റ് വാങ്ങിയത്. ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ നയൻതാരയ്ക്കുണ്ട്. മെർസിഡസ് ജിഎൽസ് 350 ഡി, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർഡ് എൻഡീവിയർ തുടങ്ങിയ കാറുകൾ താരത്തിനുണ്ട്. റൗഡി പിക്ചേഴ്സ് എന്ന പ്രൊഡക്ഷൻ കമ്പനിയും നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും ചേർന്ന് നടത്തുന്നുണ്ട്. പെബിൾസ്, റോക്കി, കാത്ത് വാക്കുല രണ്ട് കാതൽ, നെട്രിക്കൺ, കൂഴങ്ങൾ എന്നീ സിനിമകൾ നിർമ്മിച്ചത് റൗഡി പിക്ചേഴ്സ് ആണ്.
ഭർത്താവ് വിഘ്നേശ് ശിവന്റെ ആസ്തിയേക്കാൾ കൂടുതലാണ് നയൻതാരയ്ക്കുള്ള സമ്പാദ്യം. റിപ്പോർട്ടുകൾ പ്രകാരം 50 കോടി രൂപയാണ് വിഘ്നേശ് ശിവന്റെ നെറ്റ് വർത്ത്. കഴിഞ്ഞ വർഷമാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. ഉയിർ, ഉലകം എന്നീ ഇരട്ടക്കുഞ്ഞുങ്ങളും ദമ്പതികൾക്ക് പിറന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞുങ്ങളുടെ മുഖം ആദ്യമായി താര ദമ്പതികൾ ആരാധകരെ കാണിച്ചത്. നയൻതാരയുടെ ഒന്നിലേറെ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ ഗോൾഡ് ആണ് താരം അഭിനയിച്ച അവാസനത്തെ മലയാള സിനിമ.