കൊച്ചി: രഞ്ജിത്തിനെതിരായ ആരോപണത്തിൽ അന്വേഷണം നടക്കണമെന്നും തെറ്റുകാരനെങ്കിൽ നടപടിയെടുക്കണമെന്നും ജയൻ ചേർത്തല. തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാൽ എഎംഎംഎ രഞ്ജിത്തിനൊപ്പം നിൽക്കില്ലെന്നും നടിയുടെ വെളിപ്പെടുത്തൽ താൻ അവിശ്വസിക്കുന്നില്ലെന്നും ജയൻ ചേർത്തല വ്യക്തമാക്കി. പക്ഷേ, അന്വേഷണം പൂർത്തിയാകുന്നതുവരെ ക്ഷമിക്കണം. അതിനു മുമ്പ് ആരെയും ചാപ്പ കുത്തുന്നത് ശരിയല്ല. ആരോപണ വിധേയൻ എന്ന നിലയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് മാറി നിന്നാൽ അത് രഞ്ജിത്തിന് നല്ലത്. അങ്ങനെ ചെയ്‌താൽ രഞ്ജിത്തിന്റെ മൂല്യം കൂടുകയേ ഉള്ളൂവെന്നും ജയൻ ചേർത്തല കൂട്ടിച്ചേർത്തു.
സാംസ്‌കാരിക വകുപ്പ് മന്ത്രിസ്ഥാനം സജി ചെറിയാൻ രാജി വെക്കേണ്ടതില്ല എന്നും ജയൻ ചേർത്തല പ്രതികരിച്ചു. മന്ത്രി എന്ത് തെറ്റാണ് ചെയ്തത്? മന്ത്രിക്കും സർക്കാരിനും എതിരെ ഉയരുന്നത് രാഷ്ട്രീയ പ്രേരിത ആരോപണമാണ്. ജഗദീഷ് പറഞ്ഞത് വ്യക്തിപരമാണ്. എഎംഎംഎയിൽ ഒരു ഭിന്നതയുമില്ല. അമ്മയുടെ പ്രതികരണം വൈകിയതിൽ വ്യക്തിപരമായി തനിക്ക് അമർഷം ഉണ്ട്. റിപ്പോർട്ട് പഠിച്ചു പ്രതികരിച്ചാൽ മതിയെന്ന് നിലപാട് എടുത്തത് ജഗദീഷ് ഉൾപ്പെടെ ഉള്ളവരാണ്. സിദ്ധിഖ് പറഞ്ഞതാണ് എഎംഎംഎയുടെ നിലപാട്. സംഘടന അഭിപ്രായം പറയുമ്പോൾ തെളിവുകളുടെ പിൻബലം വേണം. കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ ഉള്ള അഭിപ്രായങ്ങൾ വ്യക്തിപരമായിട്ടേ പറയാൻ ആവൂ എന്നും എഎംഎംഎയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജയൻ ചേർത്തല പറഞ്ഞു.