തിരുവനന്തപുരം: പാര്‍ട്ടിക്കു വേണ്ടി അഹോരാത്രം പണിയെടുത്ത മാത്യൂ ടി തോമസിനെ കൈവിട്ട് ദേശീയ നേതൃത്വം. പിണറായിയുടെ രണ്ടാം മന്ത്രിസഭയില്‍ കൃഷ്ണന്‍കുട്ടി മതിയെന്ന് ദേവഗൗഡ. മാത്യു ടി തോമസോ കെ കൃഷ്ണന്‍ കുട്ടിയോ എന്ന ചോദ്യത്തിനാണ് മന്ത്രിസഭയിലേക്ക് കെ കൃഷ്ണന്‍ കുട്ടി തന്നെ എന്ന ജെഡിഎസ് തീരുമാനം വന്നത്.
രണ്ട് എംഎല്‍എമാരുണ്ടായിരുന്ന പാര്‍ട്ടിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്. ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം പങ്കിടുന്നതിനെക്കുറിച്ച് ചര്‍ച്ച ഉണ്ടായിരുന്നെങ്കിലും അതേക്കുറിച്ചൊന്നും വ്യക്തമാക്കാതെയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
21 അംഗങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉണ്ടാകുക എന്നാണ് ഇടതുമുന്നണിയോഗം എടുത്ത തീരുമാനം . സിപിഎമ്മിന് 12 , സിപിഐ 4 ,കേരളാ കോണ്‍ഗ്രസ്, ജനതാദള്‍ , എന്‍സിപി എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും എന്നാണ് ധാരണ. നാല് ഘടകക്ഷികള്‍ തമ്മില്‍ രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ടേം വ്യവസ്ഥയില്‍ പങ്കിടും.