അമ്പലവയൽ: കഴിഞ്ഞദിവസം ട്രാക്ടർ തലകീഴായി മറിഞ്ഞ നെല്ലാറച്ചാൽ വ്യൂപോയിന്റിൽ വീണ്ടും വാഹനാപകടം. കുന്നിൻചെരുവിൽ അപകടകരമാംവിധം ഓടിച്ച ജീപ്പ് അണക്കെട്ടിലെ വെളളത്തിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അണക്കെട്ടിൽ റീൽസ് ചിത്രീകരിക്കാനിറങ്ങിയ മീനങ്ങാടി സ്വദേശി പി.കെ. ഫായിസ്, വടകര സ്വദേശികളായ മുഹമ്മദ് റാഹിൻ, മുഹമ്മദ് റിജാസ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ഷാനിഫ് എന്നിവരെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. ശനിയാഴ്ച പുലർച്ചെ വ്യൂപോയിന്റിലെത്തിയ നാട്ടുകാരാണ് ജീപ്പ് വെള്ളത്തിൽ താഴ്ന്നുകിടക്കുന്നത് കണ്ടത്. പുലർച്ചെ ഈ പരിസരത്ത് ജീപ്പിന്റെ ശബ്ദം കേട്ടതായി ഇവർ പറഞ്ഞു.
വ്യൂപോയിന്റിന്റെ എതിർവശത്ത് ചെങ്കുത്തായി കിടക്കുന്ന ഭാഗത്താണ് ജീപ്പ് ഓടിച്ചിറക്കിയത്. നിയന്ത്രണം നഷ്ടമായ വണ്ടി അണക്കെട്ടിൽ പതിക്കുകയായിരുന്നു. പിന്നീട് അമ്പലവയൽ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജീപ്പ് വെള്ളത്തിൽനിന്നു വലിച്ചുകയറ്റി. രാപകൽ വ്യത്യാസമില്ലാതെ ഓഫ്റോഡ് വാഹനങ്ങളുമായി ആളുകൾ നെല്ലാറച്ചാൽ വ്യൂപോയിന്റിൽ എത്തുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്. സന്ദർശകരെ അനുവദിക്കുകയാണെങ്കിൽ കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം എ.എസ്. വിജയ ആവശ്യപ്പെട്ടു. ഓഫ്റോഡ് വാഹനങ്ങളുമായി എത്തുന്നവർ ഉൾപ്പെടെയുള്ളവരുടെ അനധികൃത ഇടപെടൽ പോലീസ് നിരീക്ഷിച്ചുവരുകയാണെന്നും ഇത്തരം സംഭവങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അമ്പലവയൽ സ്റ്റേഷൻ എസ്എച്ച്ഒ അനൂപ് വ്യക്തമാക്കി.