കോന്നി: വനിതാ ശിങ്കാരിമേള സംഘത്തോടൊപ്പം ചെണ്ടയും തോളിലേറ്റി ജെനീഷ് കുമാര്‍ എം എൽഎയും താളമിട്ടപ്പോള്‍ കാണികൾക്ക് അത് നവ്യാനുഭവമായി. ചിറ്റാർ ഗ്രാമ പഞ്ചായത്ത് വനിതാ ശിങ്കാരിമേള സംഘത്തിന് വാദ്യോപകരണങ്ങൾ വിതരണം ചെയ്ത ചടങ്ങാണ് വ്യത്യസ്ഥമായത്.
2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് വാങ്ങിയ ചെണ്ട, ഇലത്താളം എന്നിവയുടെ വിതരണോദ്ഘാടനത്തിനെത്തിയതായിരുന്നു അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ. നൂറു കണക്കിന് ആളുകളെ സാക്ഷി നിർത്തി ചെണ്ടയും അനുബന്ധവാദ്യോപകരണങ്ങളും ശിങ്കാരിമേള സംഘത്തിന് കൈമാറിയ ശേഷം ഒരു ചെണ്ട തന്റെ തോളിലുമേറ്റിയ എംഎൽഎ അവരോടൊപ്പം കൂടുകയായിരുന്നു. തുടർന്ന് ചെണ്ടമേളത്തിന്റെ ആരോഹണ അവരോഹണ ക്രമം വായിച്ച വനിതാസംഘവും എംഎൽഎയും അങ്ങനെ കാണികളുടെ കൈയ്യടിയും നേടി.
ചിറ്റാർ മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് രാജുവട്ടമല, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ടി കെ സജി, ഷൈലജാബീവി, ഓമന പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ്കമ്മറ്റി ചെയർപേഴ്സൺ ഓമന ശ്രീധരൻ, പഞ്ചായത്ത് അംഗങ്ങളായ വയ്യാറ്റുപുഴ അജയൻ, മോഹൻദാസ്, ഡി ശശിധരൻ, എലിസബേത്ത് ജോസഫ്, സുജാശ്രീകുമാർ , മറിയാമ്മ വർഗ്ഗിസ്, അന്നമ്മ ജോർജ് എന്നിവർ പങ്കെടുത്തു.
ശിങ്കാരിമേളത്തിൽ പരിശീലനം നേടിയ തങ്കമണി ശശി, റ്റി ആർ ഓമന, ശാന്താ മോഹൻ, സുമി രഞ്ചു, ശോഭ വിനോദ് , പി എസ് അജിത, രാജമ്മ സോമൻ, അജ്ഞന, കാർത്തിക വിനോദ് ,സുജാത, ശാലു മോഹനൻ, മീനു മോഹനൻ എന്നിവരടങ്ങിയ ഐശ്വര്യാ വനിതാ ശിങ്കാരിമേള സംഘത്തിനാണ് വാദ്യോപകരണങ്ങൾ നൽകിയത്.