പത്തനംതിട്ട : റോഡരുകിലെ മാലിന്യനിക്ഷേപത്തിനെതിരെ പൂന്തോട്ടം നിര്‍മ്മിച്ച് വ്യത്യസ്തമായ നടപടിയുമായി പത്തനംതിട്ട നഗരസഭ പതിനാറാം വാര്‍ഡിലെ കൌണ്‍സിലറും ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജെറി അലക്സ്.
കുമ്പഴ – മലയാലപ്പുഴ റോഡിൽ മത്സ്യ മാർക്കറ്റ് മുതൽ കളിക്കൽ പടി ജംഗ്ഷൻ വരെ റോഡിന് ഇരുവശവും കാടു വളർന്നു നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടെ മാലിന്യ നിക്ഷേപവും രൂക്ഷമാണ്. വാഹനത്തില്‍ വരുന്നവര്‍ വലിച്ചെറിയുന്ന മാലിന്യ കെട്ടുകള്‍ റോഡിന്റെ ഇരുവശത്തും കാണാം. ജനവാസം കുറഞ്ഞ മേഖലയായതിനാല്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് സൌകര്യവുമാണ്. കക്കൂസ് മാലിന്യവും ഇവിടെ തള്ളാറുണ്ട്.
ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ജെറി അലക്സിന്റെ നേതൃത്വത്തിൽ റോഡിന്റെ ഇരുവശത്തുമുള്ള കാടുകൾ നീക്കം ചെയ്ത് കുടുംബശ്രീ ഉൾപ്പടെയുള്ള വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടുകൂടി പൂന്തോട്ടം നിർമ്മിക്കുവാൻ നടപടി സ്വീകരിച്ചത്. ആദ്യപടി എന്ന നിലയിൽ റോഡിനിരുവശവുമുള്ള കാടുകൾ നീക്കം ചെയ്യാൻ ആരംഭിച്ചു. അതിനുശേഷം വിവിധതരത്തിലുള്ള പൂച്ചെടികള്‍ വെച്ചുപിടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ജെറി പറഞ്ഞു. റോഡിന് ഇരുവശത്തും ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള വൈദ്യുതി പോസ്റ്റുകള്‍ പൂന്തോട്ട നിര്‍മ്മാണത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ജെറി അലക്സ് പറഞ്ഞു.
യൂത്ത് ഫ്രണ്ട് (എം) പതിനാറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പള്ളിപ്പടിക്കു സമീപം സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രമായ സ്ഥലം വൃത്തിയാക്കി ചെടികൾ നട്ടു. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ജിജു ചക്കനാ കുഴിയിൽ, അഖിൽ, ജോജി എന്നിവർ പൂന്തോട്ട നിര്‍മ്മാണത്തിന് നേതൃത്വം നൽകി.