കൊച്ചി: ജസ്‌ന തിരോധാന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിച്ചിരുന്നുവെന്നും കേസില്‍ വളരെയേറെ പുരോഗതിയുണ്ടായ സമയത്താണ് കൊവിഡ് ഉണ്ടായതെന്നും അന്വേഷണത്തെ അത് ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍ ആണ്. ആ സമയത്ത് കേസില്‍ വളരെയേറെ പുരോഗതി ഉണ്ടായിരുന്നു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തില്‍ ധാരണയായി. പക്ഷേ അപ്പോഴാണ് കൊവിഡ് വന്നത്. അതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യമായെന്നും തച്ചങ്കരി പറഞ്ഞു.
കെ.ജി സൈമണ്‍ 31ന് റിട്ടയര്‍ ചെയ്യുമെന്നും അദ്ദേഹം ഇപ്പോഴും കേസിന് പിറകേയാണെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. 2018 മാര്‍ച്ചിലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജസ്‌നയെ കാണാതായത്.