പന്തീരാങ്കാവ് : നിക്ഷേപകരുടെ ലക്ഷങ്ങള്‍ വെട്ടിച്ച് കടന്ന ജ്വല്ലറി ഉടമക്കെതിരെ ഇരകള്‍ നിയമ നടപടിക്ക്. പെരുമണ്ണ എല്‍.പി.സ്കൂളിന് സമീപമുള്ള ബാവാസ് ജ്വല്ലറി വര്‍ക്സ് ഉടമ കൊമ്മനാരി ഹുസൈനെതിരെയാണ് പന്തീരാങ്കാവ് പോലീസില്‍ പരാതി ലഭിച്ചത്. വീട് നിര്‍മാണത്തിന് വേണ്ടി സ്വരൂപിച്ച പണം ജ്വല്ലറിയില്‍ നിക്ഷേപിച്ച് നഷ്ടമായ മുണ്ടുപാലം സ്വദേശിയാണ് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയത്. കരാര്‍ ഒപ്പിട്ട് നല്കിയ ശേഷമാണ് ഇയാള്‍ പണം നിക്ഷേപിച്ചത്. അഞ്ച് മാസത്തെ കാലയളവിലാണ് നിക്ഷേപം നല്‍കിയത്.
പെണ്‍കുട്ടികളുടെ വിവാഹ ആവശ്യത്തിന് സ്വര്‍ണം വാങ്ങാന്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചവരും കൈയിലുള്ള പണം ജ്വല്ലറിയില്‍ നല്കി മാസാന്ത തുക വാങ്ങി അത് കൊണ്ട് വീട്ടുവാടക നല്കിയിരുന്നവരുമടക്കം നിരവധി പേര് ആശങ്കയിലാണ്. ഇവരില്‍ ചിലര്‍ നിയമ നടപടിയുമായി മുന്നോട്ട് പോവുന്നുണ്ട്. വിവാഹ സമയത്ത് സ്വര്‍ണം വാങ്ങാന്‍ പലരും ഒരു രേഖയുമില്ലാതെയാണ് പണം നല്‍കിയത്. പഴയ സ്വര്‍ണം പുതുക്കാന്‍ വേണ്ടി നല്‍കിയവരുമുണ്ട്.
നിരവധി സാധാരണക്കാരാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. മതിയായ രേഖകള്‍ നല്‍കാതെയാണ് സ്ത്രീകളടക്കമുള്ള നിരവധി സാധാരണക്കാരെ ജ്വല്ലറി ഉടമ വഞ്ചിച്ചത്. എങ്ങനെ നിയമ നടപടികളുമായി മുന്നോട്ടു പോവുമെന്ന ആശങ്കയും ഇത്തരക്കാര്‍ക്കുണ്ട്.മൂന്ന് കോടിയിലധികം രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് കരുതുന്നത്. വലിയ സംഖ്യ നഷ്ടമായ പലരും പുറത്ത് പറയുന്നുമില്ല.