പത്തനംതിട്ട : പുതിയതായി അംഗീകാരം നല്‍കിയ ആറ് തദ്ദേശ ഭരണ സ്ഥാപനങ്ങളെതുള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ 65 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി അന്തിമമാക്കി സമര്‍പ്പിച്ച 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.
ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് അംഗീകാരം. ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യര്‍ പങ്കെടുത്തു.
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളുടെയും നാല് നഗരസഭകളുടെയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. തിരുവല്ല, പന്തളം നഗരസഭകളുടെയും ചെന്നീര്‍ക്കര, കടമ്പനാട്, റാന്നി- പെരുന്നാട്, കടപ്ര ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയതോടെയാണ് 65 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 10 വെള്ളി ആണ്. ഒരു ദിവസം ശേഷിക്കേ തന്നെ വാര്‍ഷിക പദ്ധതി സമര്‍പ്പിച്ച ജില്ലയിലെ 65 തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജില്ലാ ആസൂത്രണ സമിതി അഭിനന്ദിച്ചു.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിക്ക് വെള്ളിയാഴ്ചയ്ക്കകം തന്നെ അംഗീകാരം നല്‍കാന്‍ കഴിയുമെന്നു ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
പദ്ധതി അംഗീകാരം എന്നത് ആദ്യഘട്ടം പൂര്‍ത്തിയാക്കല്‍ മാത്രമാണെന്നും സമയബന്ധിതമായി പദ്ധതി നടപ്പാക്കുന്നതില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇനി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചെയര്‍മാന്‍ നിര്‍ദേശിച്ചു. ഭിന്നശേഷി സ്‌കോളര്‍ഷിപ്പിന് ആവശ്യമായ മുഴുവന്‍ തുകയും ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വച്ചിട്ടില്ലെങ്കില്‍ അതിന് ആവശ്യമായ ഭേദഗതി പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി അംഗീകാരം വാങ്ങി നടപ്പാക്കേണ്ടതാണെന്നും ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.