ഇന്ത്യയിൽ വിപണി മൂല്യത്തിൽ ഒന്നാമതുള്ള റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നും വേർപെടുത്തി, ജിയോ ഫിനാൻഷ്യൽ സർവീസസ് (JFSL) ഓഹരികൾ ലിസ്റ്റ് ചെയ്യുമെന്ന് ഇക്കഴിഞ്ഞ ജൂലൈ 8-നാണ്, ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ‘ബൈ വൺ ഗെറ്റ് വൺ’ എന്ന ഓഫറിന് സമാനമായി ജിയോ ഫിനാൻഷ്യലിന്റെ പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുമെന്ന് അറിയിച്ചതോടെ, മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ വാങ്ങാൻ റീട്ടെയിൽ നിക്ഷേപകർ അത്യുത്സാഹമാണ് കാണിച്ചത്. കുതിപ്പിന്റെ പാതയിൽ മുന്നേറിയ റിലയൻസ് ഓഹരികൾ, സർവകാല റെക്കോഡ് നിലവാരത്തിലാണ് (2,820.45 രൂപ) ബുധനാഴ്ച ക്ലോസ് ചെയ്തത്.
ജിയോ ഫിനാൻഷ്യൽ ഓഹരി വില?
വ്യാഴാഴ്ച രാവിലെ 9-10 മണി വരെയുള്ള പ്രത്യേക പ്രീ-ഓപ്പൺ സെഷനിൽ നിശ്ചയിക്കപ്പെടുന്ന വിലയിലായിരിക്കും ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരിക്ക് തുടക്കത്തിൽ ലഭിക്കുക. അതേസമയം വിപണി വിദഗ്ധരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ജിയോ ഫിനാൻഷ്യൽ ഓഹരിക്ക് 160-190 രൂപ വരെ ലഭിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
എന്തുകൊണ്ടാണ് വേർപെടുത്തൽ?
ഇൻഡസ്ട്രിയുടെ സവിശേഷ റിസ്ക് ഘടകങ്ങളും വളർച്ചാ സാധ്യതകളും വിപണിയുടെ ബലതന്ത്രങ്ങളും പരിഗണിച്ചുള്ള പ്രത്യേക തന്ത്രങ്ങൾ മെനഞ്ഞാൽ മാത്രമാണ് ധനകാര്യ വിഭാഗത്തിൽ ബിസിനസ് വളർത്താൻ സാധിക്കുകയുള്ളു എന്നാണ് ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഇഷ്യൂവിനെ കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ വിശദീകരണം. ധനകാര്യ സേവന മേഖലയുടെ സ്വഭാവവും മത്സരവും മറ്റു വ്യവസായ മേഖലകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
നിക്ഷേപവും എൻബിഎഫ്സി, ഇൻഷുറൻസ് ബ്രോക്കിങ്, പേയ്മെന്റ് ബാങ്ക്, പേയ്മെന്റ് അഗ്രഗേഷൻ എന്നീ മേഖലകളിലൊക്കെ ജിയോ ഫിനാൻഷ്യൽ സർവീസസിന് പ്രവർത്തന സാന്നിധ്യമുണ്ട്. റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് & ഹോൾഡിങ്സ്, റിലയൻസ് പേയ്മെന്റ് സൊല്യൂഷൻസ്, ജിയോ പേയ്മെന്റ് ബാങ്ക്, റിലയൻസ് റീട്ടെയിൽ ഫിനാൻസ്, ജിയോ ഇൻഫോർമേഷൻ അഗ്രഗേറ്റർ സർവീസസ്, റിലയൻസ് റീട്ടെയിൽ ഇൻഷുറൻസ് ബ്രോക്കിങ് എന്നിവ ചേരുന്നതാണ് ധാനകാര്യ സേവന മേഖലയിലെ റിലയൻസ് ഗ്രൂപ്പ് സാന്നിധ്യം.