ചുങ്കപ്പാറ: ചുങ്കപ്പാറ കോട്ടാങ്ങൽ സെന്റ് ജോർജസ് ഹൈസ്ക്കൂൾ സ്കൂളിനായി ചാറ്റ് ബോട്ടുകളെ നിർമ്മിച്ച് പൊതുവിദ്യാഭ്യാസ രംഗത്തിന് കാലത്തിനനുസരിച്ചുള്ള മാറ്റം നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും രൂപം സൃഷ്ടിച്ച് ക്യുആര്‍ കോഡിന്റെ സഹായത്തോടെയാണ് ചാറ്റ്ബോട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ജോർജ് എന്നതിന്റെ ഇംഗ്ലീഷിലെ ചുരുക്ക പേരുകളായ ജിയോ, ജിയ എന്നീ പേരുകളാണ് ചാറ്റ്ബോട്ടുകൾക്ക് നൽകിയിരിക്കുന്നത്. സ്കൂൾ വാർഷികവേളയിൽ സ്കൂൾ രക്ഷാധികാരിയും തിരുവല്ല അതിഭദ്രാസനദ്ധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, ഹെഡ്മാസ്റ്റർ വർഗീസ് ജോസഫിനു നൽകി ചാറ്റ്ബോട്ടുകളുടെ പ്രകാശനം നിർവഹിച്ചു. മാനേജർ ഫാദർ മാത്യു പുനക്കുളം സന്നിഹിതനായിരുന്നു.
സ്‌കൂളിനെ സംബന്ധിച്ചുള്ള അടിസ്ഥാനപരമായുള്ള വിവരങ്ങളും അഡ്മിഷൻ ഫോമും ഉൾപ്പെടെയുള്ള സേവനങ്ങൾ ഇതില്‍ ലഭ്യമാണ്. ഒന്ന് മുതൽ അഞ്ച് വരെയുള്ള നമ്പറുകളിൽ ക്രമീകരിച്ചിരിക്കുന്ന അടിസ്ഥാന വിവരങ്ങളായ സ്കൂളിന്റെ സവിശേഷതകൾ, സ്കൂൾ അധ്യാപകർ, മുൻ വർഷ പ്രവർത്തനങ്ങൾ എന്നിവയും ലഭ്യമാണ്. സ്കൂളിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലേക്കുള്ള പ്രവേശനവും ഇതിൽ ക്രമീകരിച്ചിരിക്കുന്നു. യു. പി. വിഭാഗം അധ്യാപകനായ ലൈജു കോശി മാത്യുവിന്റെ ആശയത്തിനു ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് മറ്റ് അധ്യാപകരും പരിപൂർണ്ണ പിന്തുണ നൽകിയപ്പോൾ ഐ. ടി. വിദഗ്ധനായ വിഷ്ണു കൃഷ്ണൻകുട്ടിയാണ് ചാറ്റ് ബോട്ടുകളെ നിർമ്മിച്ചത്.
ചാറ്റ്ബോട്ടുകളുടെ തുടർന്നുള്ള അപ്ഡേറ്റ്സ് സ്‌കൂളിലെ ലിറ്റിൽ കൈറ്റസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട കളക്ടർ മണ്ഡലക്കാലത്തിൽ ക്രമീകരിച്ച സ്വാമി ചാറ്റ്ബോട്ടിൽ നിന്നുമാണ് സ്കൂളിനു സ്വന്തമായി ചാറ്റ്ബോട്ടുകൾ എന്ന ആശയം ഉടലെടുത്തത് എന്ന് അധ്യാപകനായ ലൈജു കോശി മാത്യു പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് സാങ്കേതിക വിദ്യകളുടെ നന്മയാർന്ന ഉപയോഗം കുട്ടികളെ ബോധ്യപ്പെടുത്താൻ ചാറ്റ്ബോട്ടുകൾ സഹായിക്കുന്നു എന്ന് ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് അറിയിച്ചു. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തിരുവല്ല അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോർജസ് ഹൈസ്ക്കൂൾ.