കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അയൽവാസി കൊലപ്പെടുത്തിയ സംഭവത്തിൽ ചികിത്സയിലായിരുന്ന ജിതിൻ ആശുപതി വിട്ടു. ചേന്ദമംഗലം പേരേപ്പാടത്ത് ലഹരിക്ക് അടിമയായ കൊടും ക്രിമിനലിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു ജിതിൻ. അക്രമി ജിതിൻ്റെ ഭാര്യ വിനീഷയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയിരുന്നു. ജിതിനും രണ്ടു പെൺമക്കളും മാത്രമാണ് ആ കുടുംബത്തിലുള്ളത്. ജിതിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ആസ്റ്റർ മെഡിസിറ്റി ആശുപത്രിക്കും ഡോക്ടർമാരായ ടി സക്കറിയ, ജിതിൻ കെ.എം, മാത്യു കെ, അനൂപ് തോമസ്, രാം കുമാർ, മറ്റ് മെഡിക്കൽ ടീം അടക്കമുള്ളവർക്ക് പ്രതിപക്ഷ നേതാവ് നന്ദി രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവിനും ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമൊപ്പം കേക്ക് മുറിച്ച് ജിതിൻ സന്തോഷം പങ്ക് വച്ചു. അക്രമിക്കപ്പെട്ട ശേഷം ജിതിന്റെ ചികിത്സയ്ക്ക് വേണ്ടി സർക്കാരിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും ഇത് വരെ ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഒരു വീട്ടിലെ മൂന്നുപേരെ അയൽവാസിയായ റിതു വെട്ടിക്കൊലപെടുത്തിയത്. ഉഷ, മകൾ വിനീഷ, ജിതിൻ, വേണു എന്നിവർക്കാണ് വെട്ടേറ്റത്. ജിതിൻ ഒഴികെ മൂന്നുപേരും പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചു. പ്രതി ലഹരിക്കടിമയാണെന്നും മാനസിക പ്രശ്‍നങ്ങൾ ഉണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പോലീസ് തള്ളുകയായിരുന്നു.