കോട്ടയം : സിംഗപ്പൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് 80,000 രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തിരുനല്‍വേലി സ്വദേശി ടി. രാജനെയാണ് (നട്ട് രാജന് -61)കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
വേളൂര്‍ മാളിയേക്കല്‍ വീട്ടില്‍ സി.എ ഹംസയുടെ മകന് സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ 80,000 രൂപ വാങ്ങുകയായിരുന്നു. എന്നാല്‍ പണം നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. ഇതോടെ ഇവര്‍ ജില്ല പോലീസ് മേധാവി ഡി. ശില്പക്ക് പരാതി നല്‍കുകയായിരുന്നു.
ലോട്ടറി കച്ചവടക്കാരനായ രാജന് കോട്ടയത്തടക്കം വിവിധ ജില്ലകളില്‍ വില്പനക്കായി എത്താറുണ്ട്. ഇതിനിടെ പരിചയപ്പെടുന്ന ആളുകളില്‍നിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടിലും ഇയാള്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാള്‍ കടന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് എസ്.ഐ കെ.പി. മാത്യു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സാബു എ. സണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്.