നെയ്യാറ്റിൻകര : സരിതാ നായർ പ്രതിയായ ജോലിതട്ടിപ്പ് കേസിൽ അന്വേഷണം ബെവ്‌കോയിലെ ജീവനക്കാരിലേക്കും നീളുന്നു. നിയമനം സംബന്ധിച്ച് ബെവ്‌കോയിലെ ജീവനക്കാരി പരാതിക്കാരനെ ഫോണിൽ വിളിച്ചതായി സൂചനയുണ്ട്. ഒന്നാം പ്രതി രതീഷ് പലപ്പോഴായി പത്തുലക്ഷം രൂപ ബെവ്‌കോയിൽ നിയമനം ലഭിക്കാൻ വാങ്ങിയെന്നാണ് പരാതിക്കാരന്റെ മൊഴിയിൽ വ്യക്തമാക്കുന്നത്. രണ്ടാംപ്രതി സരിതാ നായർക്ക് ഒരു ലക്ഷം രൂപ അവർ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് നൽകുകയായിരുന്നു.
മൂന്നാംപ്രതി ഷാജു പാലിയോട് ഇവർക്കിടയിൽ പണം കൈമാറാനായി പ്രവർത്തിച്ചു. ബെവ്‌കോ എം.ഡി.യുടെ പേരിലുള്ള നിയമന ശുപാർശ, സ്റ്റോർ അസിസ്റ്റന്റായി തിരഞ്ഞെടുത്തതായുള്ള പട്ടിക, നിയമനത്തിനുമുമ്പായി ഓഫീസിൽ ഹാജരാകാനുള്ള കത്ത് എന്നിവ നൽകി പണം വാങ്ങിയെന്നാണു മൊഴി.
നിയമനം നടക്കാതായതോടെ അരുൺ ബെവ്‌കോയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അത്തരത്തിലുള്ള നിയമനം നടത്താൻ കത്തയച്ചില്ലെന്നാണറിഞ്ഞത്. ഇതോടെ അരുൺ സരിതാ നായരെ വിളിച്ചു.
ഇതിനുപിന്നാലെ ബെവ്‌കോയിലെ ജീവനക്കാരി അരുണിനെ വിളിച്ച് നിയമനകാര്യത്തെക്കുറിച്ചു സംസാരിച്ചു. എന്നിട്ടും നിയമനം ലഭിക്കാതായതിനെ തുടർന്നാണ് പരാതിയുമായി പോലീസിനു മുന്നിലെത്തിയതെന്നാണ് മൊഴിപ്പകർപ്പിലുള്ളത്. കേസിൽ രണ്ട് എഫ്.ഐ.ആറുകൾ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
അതിനിടെ ബെവ്‌കോയുടെ എം.ഡി.യുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകിയ സംഭവത്തിൽ പോലീസിൽ പരാതി നൽകാതിരുന്നതിൽ ദുരൂഹതയുണ്ട്. വ്യാജ നിയമന ഉത്തരവ് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നിട്ടും കേസ് അന്വേഷിക്കുന്ന നെയ്യാറ്റിൻകര പോലീസിൽ പരാതിനൽകാതെ ബെവ്‌കോ അധികൃതർ വിജിലൻസിനാണ് പരാതിനൽകിയത്. മൊഴിപ്പകർപ്പ് കോടതിയിൽ ഹാജരാക്കും മുമ്പ് പുറത്തായതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തും.