മൂവാറ്റുപുഴ : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ പെന്റ ഓവര്‍സീസ് റിക്രൂട്ട്മെന്റ് സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു. പ്രായക്കൂടുതല്‍ ഉള്ളവര്‍ക്കും ഐ.ഇ.എല്‍.ടി.എസ് ഇല്ലാത്തവര്‍ക്കും കാനഡയില്‍ കാര്‍ഷിക മേഖലയിലും ഹോട്ടല്‍ രംഗത്തും ജോലിവാഗ്ദാനം ചെയ്ത് പണം കബളിപ്പിച്ചെന്നാണ് പരാതി. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരായണ് കേസ്.
24 ഉദ്യോഗാര്‍ഥികളില്‍നിന്ന് 45ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി. അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍, വിസ തട്ടിപ്പുകാര്‍ എന്നിവര്‍ക്കെതിരെ റൂറല്‍ ജില്ല പോലീസ് കര്‍ശന നടപടി സ്വീകരിക്കുകയാണ്. ഏജന്‍സികളെയും തട്ടിപ്പ് നടത്തുന്നവരെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ജില്ല പോലീസ് മേധാവി വിവേക്കുമാര്‍ പറഞ്ഞു.
സമാന രീതിയില്‍ കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ വരാപ്പുഴയിലും അന്വേഷണം പുരോഗമിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്തും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ചും കബളിപ്പിക്കുന്നവരുടെ സംഘത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് റൂറല്‍ എസ്.പി അറിയിച്ചു.