വാഷിങ്ടൺ : എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്കും മക്കൾക്കും യു.എസിൽ തൊഴിൽ ചെയ്യാനനുവദിക്കുന്ന എച്ച്4 വിസ ബൈഡൻ സർക്കാർ പുനഃസ്ഥാപിച്ചു. നേരത്തേ ഡൊണാൾഡ് ട്രംപ് നിർത്തിവെച്ചിരുന്ന വിസാവിതരണമാണ് അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോൾ ബൈഡൻ പുനഃസ്ഥാപിച്ചത്. ഒബാമയുടെ കാലത്താണ് എച്ച്4 വിസാ സംവിധാനം ഏർപ്പെടുത്തുന്നത്.
ഇന്ത്യയിൽനിന്നുള്ള വനിതകളാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ.
വിദേശത്തുനിന്നുള്ള ജീവനക്കാർക്ക് രാജ്യത്ത് താമസിച്ച് തൊഴിലെടുക്കാൻ അനുമതി നൽകുന്ന എച്ച്-1ബി വിസയും ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. ഇതും വൈകാതെ പുനഃസ്ഥാപിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയിൽ നിന്നുള്ള ഐ.ടി. പ്രൊഫഷണലുകളാണ് വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ.