ദില്ലി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യ പാർട്ടികളുടെ നിർദ്ദേശങ്ങളും ആശങ്കകളും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് ജോൺ ബ്രിട്ടാസ് എംപി. നോട്ടുനിരോധനം പോലെ ബീഹാറിൽ വോട്ട് നിരോധനത്തിനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പിൻവാതിലിലൂടെ എൻ ആർ സി നടപ്പാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
പാർട്ടികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല. സ്പെഷൽ ഇൻ്റൻസീവ് റിവിഷൻ നടപ്പാക്കുന്നത് ഏത് സാറിൻറെ നിർദ്ദേശപ്രകാരമാണ്? നിയമപരമായി മുന്നോട്ടുപോകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. മഹാരാഷ്ട്രയിലേത് പോലെ വോട്ട് കച്ചവടമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. 21 നിർദ്ദേശങ്ങൾ ആദ്യം മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യത്തിൽ ഒന്നും വോട്ട് പരിഷ്കരണത്തെ പറ്റി പറയുന്നില്ല. പലതവണ രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പറയാത്ത വിഷയമാണ് തിരക്കിട്ട് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.