യുഎസ് : ഏറെ ഭീതിവിതച്ച ഡെല്‍റ്റ വകഭേദത്തേയും തളയ്ക്കാന്‍ ആധുനിക ശാസ്ത്രം തയ്യാറായിരിക്കുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള വാക്സിന്‍, അത് എടുത്ത് എട്ടുമാസത്തിനു ശേഷവും അതിവ്യാപനശേഷിയുള്ള കൊറോണ വകഭേദങ്ങളെ തടയുവാന്‍ പ്രാപ്തമാണെന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കൊറോണ വൈറസിന്റെ ആദ്യകാല വകഭേദങ്ങളെ അപേക്ഷിച്ച് ഡെല്‍റ്റ വൈറസിനെ ചെറുക്കുവാന്‍, മരുന്നിന്റെ ശക്തിയില്‍ നേരിയൊരു വര്‍ദ്ധനവ് മാത്രം മതിയെന്നാണ് വാക്സിന്‍ നിര്‍മ്മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പറയുന്നത്. വിജയകരമായി മുന്നേറുന്ന അമേരിക്കയിലെ വാക്സിന്‍ പദ്ധതിയെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനമടിതെറ്റിക്കുമെന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍ ആശുപത്രി പ്രവേശനങ്ങളും അതുപോലെ മരണനിരക്കും തടഞ്ഞുനിര്‍ത്തുവാന്‍ അമേരിക്കയ്ക്ക് ആയി എന്നത് ആശ്വാസകരമായ കാര്യം തന്നെയാണ്.
ഇന്ന് ലോകമാകമാനം അംഗീകരിക്കപ്പെട്ടിട്ടുള്ള എല്ലാ വാക്സിനുകളും ഈ വകഭേദത്തില്‍ നിന്നും ഉണ്ടാകുന്ന രോഗം ഗുരുതരാവസ്ഥയില്‍ എത്താതെ കാത്തു രക്ഷിക്കുന്നു എന്നതും ഏറെ ആശ്വാസം നല്‍കുന്ന വസ്തുതയാണ്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ആദ്യകാല ട്രയലുകളില്‍ പങ്കെടുത്ത എട്ട് വോളന്റിയര്‍മാരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് അവയെ ഡെല്‍റ്റ വകഭേദവുമായി സമ്പര്‍ക്കത്തില്‍ കൊണ്ടുവരികയായിരുന്നു. പിന്നീട് ആന്റിബോഡി ലെവല്‍ പരിശോധിച്ചു. രോഗ പ്രതിരോധത്തിനുള്ള കഴിവ് നിശ്ചയിക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ അളവാണ്. ഇത് തികച്ചും തൃപ്തികരമായിരുന്നു.
ഇന്നലെ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് കമ്പിനി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കോവിഡിനെ മനുഷ്യന് നിയന്ത്രണത്തില്‍ ആക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നതായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. പോള്‍ ദ്റ്റോഫെല്‍സ് പറഞ്ഞു. അതേസമയം ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ബീറ്റ വകഭേദത്തിനും ബ്രസീലില്‍ നിന്നുള്ള ഗാമ വകഭേദത്തിനും എതിരെ ആന്റിബോഡികളുടെ അളവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇവയെ കാര്യക്ഷമമായി നേരിടാന്‍ ഇവ മതിയാകും. മാത്രമല്ല അമേരിക്കയില്‍ ഈ വകഭേദങ്ങളുടെ സാന്നിദ്ധ്യം തുലോം കുറവുമാണ്.
ഇതോടെ ആശങ്കയ്ക്ക് ഇടനല്‍കുന്ന വകഭേദങ്ങള്‍ എന്ന പട്ടികയില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ വകഭേദങ്ങള്‍ക്കും എതിരെ തങ്ങളുടെ വാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പറഞ്ഞു. അമേരിക്കയില്‍ മാത്രം ഇതുവരെ 200 മില്യണ്‍ ഡോസുകള്‍ക്കുള്ള ഓര്‍ഡറാണ് കമ്പിനിക്ക് ലഭിച്ചിരിക്കുന്നത്. അതില്‍ 21.4 മില്ല്യണ്‍ ഡോസുകള്‍ മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. അതില്‍ത്തന്നെ 12.4 മില്ല്യണ്‍ ഡോസുകള്‍ ആളുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.