ന്യൂഡൽഹി : ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സീൻ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തി. കുറഞ്ഞത് എട്ട് മാസമെങ്കിലും കോവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ പ്രതിരോധശേഷി നൽകാൻ ജോൺസൺ ആൻഡ് ജോൺസണിന്റെ ഒരു ഡോസ് വാക്സീൻ കൊണ്ടാകുമെന്ന് കമ്പനി പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നു. തീവ്ര, ഗുരുതര കോവിഡ് ബാധയ്ക്കെതിരെ ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ 85% ഫലപ്രദമാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
കോവിഡിന്റെ ബീറ്റ, സീറ്റ വകഭേദങ്ങളുള്ള ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ അടക്കം നടന്ന പരീക്ഷണത്തിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡെൽറ്റ വകഭേദത്തിനെതിരെ മാത്രമല്ല കോവിഡിന്റെ ഗാമ, ആൽഫ, എപ്സിലോൺ, കപ്പ വകഭേദങ്ങൾക്കെതിരെയും യഥാർഥ കൊറോണ വൈറസിനെതിരെയും ന്യൂട്രിലൈസിങ് ആന്റിബോഡികൾ പുറപ്പെടുവിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ വാക്സീന് സാധിച്ചിട്ടുണ്ട്. വാക്സീൻ മൂലമുണ്ടാകുന്ന ടി സെൽ പ്രതികരണങ്ങൾ എട്ടു മാസത്തിലേറെ തുടരുമെന്നും കമ്പനി അവകാശപ്പെടുന്നു. കോവിഡ് മഹാമാരിയെ അവസാനിപ്പിക്കുന്നതിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സീന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ജോൺസൺ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ആഗോള മേധാവി മത്തായി മാമ്മൻ പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 66.3 ശതമാനം ഫലപ്രാപ്തി കാണിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ അവസാനത്തോടെ ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 25 അമേരിക്കൻ ഡോളറിനടുത്ത്(1871 ഇന്ത്യൻ രൂപ )വാക്സീന് ഇന്ത്യയിൽ വിലയുണ്ടാകുമെന്ന് കരുതുന്നു.-4 ഡിഗ്രി ഫാരൻഹീറ്റ് (-20 ഡിഗ്രീ സെൽഷ്യസ്) താപനിലയിൽ രണ്ടുവർഷം വാക്സീൻ കേടുകൂടാതെ ഇരിക്കുമെന്ന് കണക്കാക്കുന്നു. 36-46 ഡിഗ്രി ഫാരൻഹീറ്റ് (2-8 ഡിഗ്രീ സെൽഷ്യസ്) സാധാരണ റെഫ്രിജറേഷൻ താപനിലയിൽ പരമാവധി നാലര മാസം വാക്സീൻ സൂക്ഷിക്കാനാകും.