തിരുവനന്തപുരം : നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. ജോജുവിന്റെ കേസ് സംബന്ധിച്ച തുടർ നടപടികൾ യോഗം ചർച്ച ചെയ്യും. ജോജുവുമായി സംസാരിച്ച് പ്രശ്‌ന പരിഹാരം കാണുമെന്ന് മുഹമ്മദ് ഷിയാസ് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തിൽ മുതിർന്ന നേതാക്കൾ ജോജുവുമായി ചർച്ചയും നടത്തിയിരുന്നു.
കോൺഗ്രസ് പ്രവർത്തകർ ജോജുവിൻറെ വാഹനം തടഞ്ഞ സമയത്ത് പിന്നിൽനിന്ന് കല്ലുകൊണ്ട് ഇടിച്ചു ഗ്ലാസ് തകർക്കുകയായിരുന്നു എന്നാണ് ജോസഫിന്‍റെ മൊഴി. ഗ്ലാസ് തകരുന്നതിനിടയിലാണ് കൈക്ക് പരുക്കേറ്റതെന്നും പ്രതി സമ്മതിച്ചിരുന്നു. അതേസമയം ദേശീയ പാത ഉപരോധിച്ച കേസിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.