കൊച്ചി : എറണാകുളം ഡിസിസിയും നടന്‍ ജോജു ജോര്‍ജും തമ്മിലുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പാളി. തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്ന ജോജുവിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളി. ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി.
അക്രമം പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ നിന്നാണെന്ന് കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സമരത്തിനതിരെ പ്രതിഷേധിച്ചവരെ ആക്രമിച്ച രാഷ്ട്രീയ ശൈലി അംഗീകരിക്കാനാകില്ലെന്നും ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. വൈറ്റില സംഘര്‍ഷത്തിനിടയില്‍ വാഹനത്തിന്റെ ചില്ല് തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് കോടതിയെ സമീപിച്ചതോടെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വഴിമുട്ടിയത്. ജോജുവിനെതിരായ പ്രസ്താവനകള്‍ നേതാക്കള്‍ പരസ്യമായി പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പ് ആകാമെന്നാണ് ജോജു.
ഈ ആവശ്യം തള്ളിയ ഡിസിസി പ്രസിഡന്റ്, ജോജു ആദ്യം ഖേദം പ്രകടപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കാം. ജോജു പറഞ്ഞതെല്ലാം പച്ചക്കള്ളവും ആഭാസവുമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോജുവിന്റെ നടപടി.