കൊച്ചി : ദേശീയപാത തടസ്സപ്പെടുത്തിയതിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ പ്രതികളെല്ലാം ഒളിവിലാണെന്ന് പോലീസ്. കഴിഞ്ഞദിവസം അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈറ്റില സ്വദേശി പി.ജി ജോസഫിനെ ബുധനാഴ്ച റിമാന്‍ഡ് ചെയ്തു.
കേസില്‍ ടോണി ചമ്മണിയും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും ഉള്‍പ്പെടെ എട്ട് പ്രതികളുണ്ട്. മരട് പോലീസ് കേസെടുത്തതിനുപിന്നാലെ പ്രതികള്‍ മൊബൈല്‍ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല. മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയാണ് പ്രതികള്‍.
ജോജു പോലീസില്‍ നല്‍കിയ പരാതിയില്‍ ടോണി ചമ്മണിയെ എടുത്തുപറഞ്ഞിട്ടുണ്ട്. ഒന്നാംപ്രതിയായ ടോണി ചമ്മണിയും സജീന്ദ്രനും പ്രവര്‍ത്തകരെയും കൂട്ടി ജോജുവിനോട് തട്ടിക്കയറുന്നതും കാറില്‍ അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടയിലാണ് പി.ജി ജോസഫ് കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ല് ഇടിച്ചുതകര്‍ത്തത്. ജോസഫ് കുറ്റസമ്മതം നടത്തിയതായി അസി.കമീഷണര്‍ പറഞ്ഞു. ചില്ല് തകര്‍ത്തപ്പോള്‍ ജോസഫിന്റെ വലതുകൈക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വാഹനത്തില്‍ വീണ രക്തസാമ്പിള്‍ പരിശോധനയ്ക്ക് നല്‍കി. സ്വകാര്യസ്വത്തിന് നാശനഷ്ടമുണ്ടാക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കാറിന് ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്.