പാലാ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ജോസ് കെ.മാണി എത്തിയതോടെ ആവേശത്തോടെ അണികള്‍. അണികളുടെ ആവേശം അലകടലായി മാറിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ പാതി വിജയം ഉറപ്പിച്ചാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ഇതിനിടെ മധുരം ഇരട്ടിയാക്കി രണ്ടില ചിഹ്നത്തിലുള്ള സുപ്രീം കോടതി വിധിയും എത്തി. ആവേശം തീര്‍ത്ത അണികള്‍ക്കിടയിലൂടെ ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ എത്തിയ ജോസ് കെ.മാണി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തിനായി കയറിയപ്പോഴും തിരികെ ഇറങ്ങിയപ്പോഴും മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.
പുലര്‍ച്ചെ പള്ളിയില്‍ എത്തി പ്രാര്‍ത്ഥനകളോടെയാണ് ജോസ് കെ.മാണി നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനായി ഒരുങ്ങിയത്. തുടര്‍ന്നു പാലാ കത്തീഡ്രല്‍ പള്ളിയിലെ പിതാവിന്റെ സെമിത്തേരിയില്‍ എത്തി പ്രാര്‍ത്ഥിച്ചു. പത്രിക സമര്‍പ്പണത്തിനു പുറപ്പെടും മുമ്പ് രാവിലെ അരമണിക്കൂറോളം കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ത്ഥനയ്ക്കായി ജോസ് കെ.മാണി സമയം കണ്ടെത്തി.
തുടര്‍ന്നു മാതാവ് കുട്ടിയമ്മയുടെ കാല്‍ തൊട്ടു വന്ദിച്ച് പിതാവ് കെ.എം മാണിയുടെ ചിത്രത്തില്‍ തൊട്ട് അനുഗ്രഹം തേടി. കുടുംബത്തോടൊപ്പം പ്രാര്‍ത്ഥനകള്‍ക്കു ശേഷം രാവിലെ 11.30 നാണ് അദ്ദേഹം വീട്ടില്‍ നിന്നും പുറപ്പെട്ടത്.
തുടര്‍ന്ന് പാലാ കുരിശ് പള്ളിയില്‍ എത്തി മെഴുകുതിരി തെളിയിച്ച് പ്രാര്‍ത്ഥിച്ചു. ഇവിടെ കാത്തു നിന്ന പ്രവര്‍ത്തകരുടെ അണമുറിയാത്ത മുദ്രാവാക്യവും കട്ടൗട്ടുകളും ചിത്രങ്ങളും വായുവിലുയര്‍ന്നു പറന്നിരുന്നു. ഈ ആവേശത്തിനിടയിലൂടെയാണ് അദ്ദേഹം ഓഫിസിലെത്തി പത്രിക സമര്‍പ്പിച്ചത്. ഇതിനു പിന്നാലെ ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നിലൊരുക്കിയ ഹരിത ബൂത്തും അദ്ദേഹം സന്ദര്‍ശിച്ചു. മുതിര്‍ന്ന എല്‍.ഡി.എഫ് നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, ബാബു ജോര്‍ജ്, ബെന്നി മൈലാട്, സിബി തോട്ടുപുറം, അഡ്വ. സണ്ണി ഡേവിഡ്, ഫിലിപ്പ് കുഴികുളം, ലോപസ് മാത്യു, ജോസ് ജോണ്‍, പാല നഗരസഭ അദ്ധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബേബി ഉഴുത്തുവാല്‍ എന്നിവര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തില്‍ വരാനിരിക്കുന്ന ഇടതു തുടര്‍ഭരണത്തില്‍ പാലയില്‍ നിന്നും വലിയ പങ്ക് ഉണ്ടാകുമെന്ന് പത്രിക സമര്‍പ്പണത്തിന് ശേഷം ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളം വികസിക്കണമെങ്കില്‍ ഈ സര്‍ക്കാര്‍ തുടരേണ്ടത് ആവശ്യമാണ്. സര്‍ക്കാരിന്റെ തുടര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.