കോട്ടയം : ജോസ് കെ. മാണി പക്ഷത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് നിലപാടെടുക്കാന്‍ സമയമായില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാര്യങ്ങള്‍ കലങ്ങി തെളിയട്ടെ, എന്നിട്ടു നോക്കാമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാഗം. പുറത്താക്കിയെന്നല്ല, യുഡിഎഫില്‍ നില്‍ക്കാന്‍ അവകാശമില്ലെന്നാണ് കണ്‍വീനര്‍ പറഞ്ഞത്. ചര്‍ച്ച തുടരാന്‍ പഴുതിട്ടുള്ള നിലപാടാണ് യുഡിഎഫിന്റേത്. കോട്ടയം ജില്ലാ പ്രസിഡന്റ് പദവി സംബന്ധിച്ച തര്‍ക്കത്തില്‍ ജോസ് കെ. മാണി പക്ഷത്തിനെതിരെയായ യുഡിഎഫ് നടപടിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
ജോസ് കെ.മാണി പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. ജോസ് പക്ഷം യുഡിഎഫ് നേതൃത്വത്തെ ധിക്കരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് ജോസ് പക്ഷം വാദിച്ചു. പല തലത്തില്‍ ചര്‍ച്ച നടത്തി. ആവശ്യത്തിലേറെ സമയം നല്‍കി. മറ്റന്നാള്‍ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ജോസ് പക്ഷത്തെ ക്ഷണിക്കില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
യുഡിഎഫിന്റേത് ചതിയും പാതകവുമാണെന്നു റോഷി അഗസ്റ്റിന്‍ എംഎല്‍എ രോഷത്തോടെ പ്രതികരിച്ചു. ആളും അര്‍ഥവുമില്ലാത്ത പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് എം, യുഡിഎഫില്‍ നിന്ന് പുറത്താക്കാനുള്ള കാരണം അറിയില്ല. യുഡിഎഫിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലുണ്ട്. മറ്റ് മുന്നണികളിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും എംഎല്‍എ പറഞ്ഞു.
കോട്ടയം ജില്ലാപഞ്ചായത്ത് പദവി തര്‍ക്കത്തില്‍ ഇന്ന് അവസാനവട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെ ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ചിരുന്നു. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റുകള്‍ സംബന്ധിച്ച് ധാരണയാകാതെ പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കില്ലെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ നിലപാട്. പ്രശ്‌നപരിഹാരത്തിനായി ജോസ് വിഭാഗത്തിന്റെ നാല് നിര്‍ദേശങ്ങളും ജോസഫ് വിഭാഗം തള്ളിയിരുന്നു. യുഡിഎഫ് നേതൃത്വം നീതിയുക്തമായി പെരുമാറുന്നില്ലെന്ന പരാതിയും ജോസ് ഉന്നയിച്ചു.