കോട്ടയം: കേരള കോണ്‍ഗ്രസ്-എം നിയമസഭ ചീഫ് വിപ്പെന്ന നിലയില്‍ റോഷി അഗസ്റ്റിനാണ് വിപ്പ് നല്കാന് അധികാരമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ. രാഷ്ട്രീയപാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടായാല്‍ അതിനുമുമ്പുള്ള തല്‍സ്ഥിതി തുടരണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുള്ളത്. അതിനാല്‍, പിളര്‍പ്പിനുശേഷം പാര്‍ലമന്റെറി സ്ഥാനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിലനില്‍ക്കില്ല.
പിളര്‍പ്പിനു മുമ്പ് നിയമസഭ ചീഫ് വിപ്പായി അംഗീകരിച്ചിട്ടുള്ള റോഷി അഗസ്റ്റിന് തന്നെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ അധികാരങ്ങളും ഉള്ളതെന്നും മറ്റാരുടെയും വിപ്പ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഡോ.ജയരാജ് എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് മത്സരം നടക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുമെന്ന് നേരത്തേ പി.ജെ. ജോസഫ് വ്യക്തമാക്കിയിരുന്നു. ജോസ് പക്ഷത്തെ എം.എല്‍.എമാര്‍ വിപ്പ് ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ നിയമസഭയിലെ നിലവിലെ കക്ഷിനിലയനുസരിച്ച് ഇടതുസ്ഥാനാര്‍ഥി ജയിക്കുമെങ്കിലും യു.ഡി.എഫില്‍നിന്ന് മാറ്റിനിര്‍ത്തിയ ജോസ് പക്ഷത്തെ രണ്ട് എം.എല്‍.എമാര്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്നതില്‍ ആകാംക്ഷ നിലനില്‍ക്കെയാണ് വിപ്പ് തര്‍ക്കം.