പന്തളം : ഇടപ്പോണ്‍ ജോസ്കോ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ പ്രവാസിയുടെ പരാക്രമം. ഡോക്ടറേയും നേഴ്സുമാരെയും അസഭ്യം പറഞ്ഞതുകൂടാതെ ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുവാനും ശ്രമം നടന്നുവെന്ന് ആശുപത്രി മാനേജ്മെന്റ് നൂറനാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ ആശുപത്രി മാനേജ്മെന്റിനെയും ജീവനക്കാരെയും അധിക്ഷേപിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍കൂടി പ്രചാരണം നടത്തുകയും ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് പ്രവാസിയായ വെണ്മണി സ്വദേശി ഇടപ്പോണ്‍ ജോസ്കോ ആശുപത്രിയില്‍ എത്തിയത്. അയല്‍വാസിയായ 90 വയസ്സുള്ള അമ്മച്ചി ഇപ്പോള്‍ മരിച്ചുവെന്നും ഡോക്ടര്‍ കൂടെ വന്ന് പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു തരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെ ഒരു പതിവ് ഇല്ലെന്നും പ്രത്യേകിച്ച് കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വീട്ടിലേക്ക് വന്ന് മരണം സ്ഥിരീകരിക്കുവാന്‍ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയുടെ ആംബുലന്‍സ് വിട്ടുനല്കാമെന്നും ഇവിടെ എത്തിച്ചാല്‍ ഇ.സി.ജി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി മരണം സ്ഥിരീകരിക്കാമെന്നും ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ ഇതിന് ചെവിക്കൊള്ളാതെ വന്നയാള്‍ ആശുപത്രിയില്‍ അക്രമത്തിനു മുതിരുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.