കോട്ടയം: ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസില്‍ കൂടുതല്‍ അട്ടിമറി നടന്നു എന്നുള്ളതിന്റെ തെളിവുകള്‍ പുറത്ത്. താന്‍ നല്‍കിയ വിവരങ്ങളല്ല എഫ്‌ഐആറിലുള്ളതെന്ന് എഫ്‌ഐആര്‍ സാക്ഷി ജോസ് മാത്യു വ്യക്തമാക്കി. അപകട സമയത്ത് താന്‍ വീട്ടിലായിരുന്നുവെന്ന് ജോസ് മാത്യു വ്യക്തമാക്കി. രണ്ട് പോലീസുകാര്‍ വീട്ടിലെത്തി വിളിച്ചു കൊണ്ടുപോയി. പോലീസ് പറഞ്ഞിടത്ത് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്.
മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം രാത്രിയിലാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍ യാത്രചെയ്തിരുന്ന കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍ ജിസ് (35), ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇന്നോവക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം, ജോസ് കെ മാണിയുടെ മകന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ ആരംഭിച്ചു. നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവര ശേഖരണം നടത്തി.