പാലാ : രാജ്യസഭാസീറ്റ് രാജിവെച്ച ജോസ് കെ മാണി നിയമസഭയില്‍ പാലായില്‍ നിന്നുതന്നെ ജനവിധി തേടിയേക്കും. ഇതോടെ കേരള കോണ്‍ഗ്രസിന്റെ അഭിമാന പോരാട്ടം പാലായില്‍ നടക്കുമെന്നുറപ്പായി. രാജ്യസഭാ എം.പി സ്ഥാനം ഒഴിഞ്ഞ ജോസ് കെ മാണി പാലായിലെ മത്സരത്തിനായി കോപ്പുകൂട്ടുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കിയ കടുത്തുരുത്തിയിലേക്ക് ജോസ് കെ മാണി മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ ചില അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് പാടേ തള്ളുകയാണ് ജോസ് കെ മാണി. എന്‍.സി.പി മുന്നണി വിട്ട് പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ പാലായില്‍ വിട്ടുവീഴ്ച വേണമെന്ന എല്‍.ഡി.എഫ് നേതാക്കളുടെ അഭിപ്രായത്തോട് ജോസ് കെ മാണിക്ക് അതൃപ്തിയുണ്ട്.
പാലാ വിട്ടൊരു മത്സരം ദോഷം ചെയ്യുമെന്നും ജോസ് കെ മാണിയും പാര്‍ട്ടിയും കണക്കുകൂട്ടുന്നു. അതേസമയം ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്ജ് , പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്‍.എം.രാജു, കണ്ണൂരിലെ പ്രമുഖ നേതാവ് പിടി.ജോസ് തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്. എന്നാല്‍ ഇവരില്‍ പലരും നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. അന്തിമ തീരുമാനം ജോസ് കെ മാണിയില്‍ നിക്ഷിപ്തമാണ്.