പാലാ: പാലാ നിയോജക മണ്ഡലത്തിലെ മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളിലും മറ്റിടങ്ങളിലും ഉരുൾപൊട്ടലിലും പേമാരിയിലും ദുരിതം അനുഭവിക്കുന്നവർക്ക് പരമാവധി സഹായം എത്തിക്കുവാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഈ മേഖലയിൽ പൊതുഗതാഗത സൗകര്യങ്ങൾ പാടേ തകർന്നിരിക്കുകയാണ്. വൈദ്യുതിയും മുടക്കിയിരിക്കുന്നു. നിരവധി ഭവനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും വലിയ കൃഷി നാശം സംഭവിക്കുകയും ചെയ്തിട്ടുള്ളതായി യോഗം ചൂണ്ടിക്കാട്ടി.
വെള്ളപൊക്ക ദുരിതാശ്വാസ സഹായ പദ്ധതിയിൽ നിന്നും അടിയന്തിര സഹായം ഈ മേഖലയിൽ ലഭ്യമാക്കി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം റവന്യൂ വകുപ്പിനോടും തകർന്ന റോഡുകൾ പുനരുദ്ധരിക്കുവാൻ പൊതുമരാമത് വകുപ്പും ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് ടോബിൻ കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു. ജോസ് ടോം, പ്രൊഫസർ ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, ബെന്നി തെരുവത്ത്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സണ്ണി മാത്യു, അജിത് ജോർജ് എന്നിവർ പ്രസംഗിച്ചു.