പത്തനംതിട്ട : കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനാധിപത്യപരവും സമാധാനപരമായ പ്രതിഷേധത്തെ ആക്രമിച്ച് ഇല്ലാതാക്കാമെന്ന് സർക്കാർ വ്യാമോഹിക്കേണ്ട എന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി പറഞ്ഞു. തിരുവനന്തപുരം കരിച്ചാറയിൽ പ്രതിഷേധക്കാർക്ക് നേരെ മൂന്നാം മുറ പ്രയോഗിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ റെയിൽ വിരുദ്ധ ഐക്യദാർഢ്യ സമിതി സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരായുസ് കൊണ്ട് സമ്പാദിച്ച കിടപ്പാടവും സ്വപ്നങ്ങളും തകരുന്ന സാഹചര്യത്തിൽ സ്വാഭാവികമായ പ്രതികരണമാണ് ജനങ്ങളിൽ നിന്നുയരുന്നത് എന്ന് പോലും മാനിക്കാത്ത സർക്കാർ നടപടി മനുഷ്യത്വ വിരുദ്ധമാണ്. ജനങ്ങൾക്കെതിരായ ഏതൊരു നടപടിയും സമരസമിതിക്ക് ഒപ്പം ചേർന്ന് അതിശക്തമായ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ അരുൺ ബാബു അധ്യക്ഷത വഹിച്ചു.
സമിതി സംസ്ഥാന കൺവീനർ ശരണ്യാ രാജ്, ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ.എ സുരേഷ് കുമാർ, കേരള കോൺഗ്രസ് ജില്ല സെക്രട്ടറി ബാബു വർഗീസ്, പശ്ചിമഘട്ട സംരക്ഷണ സമിതി സെക്രട്ടറി റജി മലയാലപ്പുഴ, എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി ബിനു ബേബി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി കെ ഗോപി, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി അജിത് മണ്ണിൽ, ജനകീയ സമിതി ജില്ലാ കൺവീനർ മുരുകേഷ് നടയ്ക്കൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ആർ പ്രസാദ്, ജോസഫ് വെള്ളിയാംകുന്ന്, റിജോ മാമൻ, സാധുജന വിമോചന സംയുക്ത വേദി സെക്രട്ടറി സുരേഷ് കുമാർ, സുനിൽ മറ്റത്ത്, ജയിംസ് കാക്കനാട് തുടങ്ങിയവർ പ്രസംഗിച്ചു. ടൗൺചുറ്റി പ്രതിഷേധ പ്രകടനവും നടന്നു.