പത്തനംതിട്ട : ജനങ്ങളെ ഷോക്കടിപ്പിക്കുന്ന അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. ഇപ്പോൾ 16 പൈസയുടേയും 3 മാസം കഴിഞ്ഞാൽ ഏപ്രിലിൽ 12 പൈസയുടേയും വർദ്ധനവ് ഒരുമിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാരിന്റെയും ബോർഡിന്റെയും പിടിപ്പുകേടിന്റെയും ധൂർത്തിന്റെയും അഴിമതിയുടെയും പാപഭാരം മുഴുവൻ ജനങ്ങളുടെമേൽ കെട്ടി ഏൽപ്പിച്ചിരിക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 25 വർഷത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതിക്ക് 4 രൂപ 29 പൈസ നിരക്കിൽ വാങ്ങാൻ കരാർ ഉണ്ടാക്കുകയും ഏഴു വർഷത്തോളം ആ കരാർ പ്രകാരം വൈദ്യുതി വാങ്ങുകയും ചെയ്തു.
രണ്ടുവർഷം മുമ്പ് ഈ സർക്കാർ ആ കരാർ റദ്ദാക്കി. എന്നിട്ട് 4.29 രൂപയുടെ സ്ഥാനത്തു 6 മുതൽ 12 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ 15 മുതൽ 20 കോടി രൂപ വരെയാണ് പ്രതിദിനം ബോർഡിന് നഷ്ടമുണ്ടായത്. ഇതാണ് ബോർഡിനെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. അതിന് ജനങ്ങളെ ശിക്ഷിക്കുന്നതിനു പകരം ഇതിന് കാരണക്കാരായവരിൽ നിന്ന് ഈടാക്കുകയാണ് ചെയ്യേണ്ടത്. അദാനിയുടെ കമ്പനിക്ക് കരാർ നൽകാൻ വേണ്ടിയാണ് നിലവിലുണ്ടായിരുന്ന ലാഭകരമായ കരാർ റദ്ദാക്കിയതെന്നും ഇതിന്റെ പിന്നിലെ അഴിമതി അന്വേഷിക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.