കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ബോംബാക്രമണം. ഒരു മാധ്യമപ്രവര്‍ത്തകനും ഡ്രൈവറുമടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. സ്വാകാര്യ വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഖുര്‍ഷിദ് ടിവി ചാനല്‍ പ്രവര്‍ത്തകരായ 15ഓളം പേര്‍ക്കെതിരെയായിരുന്നു ആക്രമണമെന്ന് ന്യൂസ് ഡയറക്ടര്‍ ജാവേദ് ഫര്‍ഹാദ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് രംഗത്തെത്തി. എന്നാല്‍ ആക്രമണത്തിനുള്ള കാരണം വ്യക്തമാക്കിയില്ല. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. 2016 ല്‍ രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്കാസ്‌റ്റേഴ്‌സായ ടോളോ ടിവി പ്രവര്‍ത്തകര്‍ക്കു നേരെ താലിബാന്‍ ചാവേറാക്രമണം നടത്തിയിരുന്നു. ഏഴ് മാധ്യമപ്രവര്‍ത്തകരാണ് അന്ന് കൊല്ലപ്പെട്ടത്. ടോളോ ടിവി അമേരിക്കന്‍ അജണ്ട നടപ്പാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.