കണ്ണൂർ : 48 സീറ്റുള്ള സ്വകാര്യ ബസ്. 11 സ്റ്റാന്റിൽനിന്നടക്കം 60 പേരെ കയറ്റേണ്ട വാഹനത്തിൽ അതിലിരട്ടി യാത്രക്കാർ. ഏറെയും വിദ്യാർഥികൾ. വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർഥികളുടെ വരവും പോക്കും അതികഠിനമായി. അത്രയ്ക്ക് തിക്കും തിരക്കുമാണ് ബസിൽ. പ്ലസ് വൺ വിദ്യാർഥികൾ കൂടി തിങ്കളാഴ്ച വിദ്യാലയത്തിലേക്ക് എത്തിയതോടെ ബസിനുള്ളിൽ കോവിഡിനെ മറന്ന യാത്രയാണ്. കുട്ടികളെ എങ്ങനെ കയറ്റും എന്ന ചോദ്യവുമായി ബസുകാരും വാതിൽക്കൽ നിൽപ്പുണ്ട്.
അതിനിടയിലൂടെ വിദ്യാർഥിപാസ് ഇല്ലാതെ കെ.എസ്.ആർ.ടി.സിയും ഓടുന്നു. സ്കൂൾ തുറന്നിട്ടും യാത്രാമാർഗങ്ങളുടെ കുറവ് വിദ്യാർഥികളെ വളരെയധികം ബാധിക്കുന്നു. കോവിഡിന് മുൻപ് ജില്ലയിൽ ഓടിയിരുന്നത് 1300 സ്വകാര്യ ബസുകളാണ്. കോവിഡ് പ്രതിസന്ധിക്കുശേഷം 600-700 ബസുകൾ മാത്രമാണ് നിരത്തിലുള്ളത്. അഞ്ഞൂറിലധികം ബസുകളുടെ കുറവ് കോവിഡ് കാല യാത്രയെ ബാധിക്കുന്നു. സ്കൂൾ ബസുകളിൽ പലതും ഫിറ്റ്‌നസില്ലാത്ത കാരണത്താൽ ഓടിക്കുന്നില്ല. ജില്ലയിൽ നിലവിൽ 60 സ്കൂൾ ബസുകൾക്ക് മാത്രമാണ് ഫിറ്റ്‌നസ് നൽകിയതെന്ന് ആർ.ടി.ഒ. ഓഫീസ് അധികൃതർ അറിയിച്ചു. ജില്ലയിൽ ചുരുക്കം ചില സ്കൂളുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി. ബോണ്ട് സർവീസ് തുടങ്ങിയത്. ഇതും വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു.
സാമ്പത്തികപ്രശ്‌നം കാരണം നിർത്തിയിട്ട ബസുകളിൽ ഭൂരിഭാഗവും ബ്രേക്ക് എടുത്തിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് പറഞ്ഞു. ഇതിന് 70,000 രൂപയോളം വരും. ഇൻഷുറൻസിന് 80,000 രൂപ വേണം. പലതിനും ബാറ്ററിയും ടയറും പോയിട്ടുണ്ട്. അത് നന്നാക്കണം. എല്ലാം കൂടി ബസ് നിരത്തിലോടാൻ രണ്ടുലക്ഷം രൂപയോളം ചെലവ് വരും. അത്തരം ബസ് വിദ്യാർഥികളുമായി ഓടിക്കുന്നതിനെക്കാൾ ഭേദം ബസ് നിരത്തിൽ ഇറക്കാതിരിക്കുന്നതല്ലേ എന്ന് ഉടമകൾ ചോദിക്കുന്നു. നൂറോളം ബസുകൾ തുരുമ്പിച്ച് കിടക്കുന്നുണ്ട്. പലതും ആക്രിവിലയ്ക്ക് വിറ്റു. ഗ്രാമീണമേഖലയിലെ ബസുകളാണ് ഏറെ തകർന്നുപോയതെന്ന് ഉടമകൾ പറയുന്നു.