തിരുവനന്തപുരം : ദൈവം നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ടെന്ന് കാണിച്ചുതരുന്ന ചിലരുണ്ട്. ഇത്തരം മനുഷ്യരിലൂടെ ആരും ഏറ്റെടുക്കാൻ മടിക്കുന്ന ദൗത്യങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടക്കുന്നു. ദുരിത കാലത്ത് പ്രത്യേകിച്ചും അവരത് ചെയ്തുകൊണ്ടേയിരിക്കും. നഗരത്തിൽ അങ്ങനെ ചിലരെ കണ്ടുമുട്ടുന്ന സമയം കൂടിയാണ് ഈ ലോക്ഡൗൺ കാലം. നാലാഞ്ചിറയിലെ ജോയിക്കുട്ടി എന്ന ഒരാൾ മാത്രം നാട്ടിൽ പാവങ്ങൾക്കായി ചെയ്യുന്നത് ഇതാണ്.
ജോയിക്കുട്ടി സമ്പന്നനൊന്നുമല്ല. കഴിഞ്ഞ 16 വർഷവും തന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും നല്ലവരായ സുഹൃത്തുക്കളുടെ സഹായവുംകൊണ്ട് ആഴ്ചയിൽ മൂന്ന് ദിവസം മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഭക്ഷണമെത്തിക്കുന്നു. ദിവസം 250 പേർക്കു വീതം 750 പേർക്ക് ജോയിക്കുട്ടി ഒറ്റയ്ക്ക് ഒരാഴ്ച അത്താഴം നൽകും. ഇന്നേവരെ ഇൗ പതിവ് മുടങ്ങിയിട്ടില്ല. ലോക്ഡൗൺ വന്നപ്പോൾ ജോയിക്കുട്ടിക്കു ജോലി കൂടി. കോവിഡ് ബാധിതരുടെ വീടുകളിലേക്ക് 700 രൂപയുടെ ഭക്ഷണക്കിറ്റ് നൽകുന്നു.
പുറമേ സാനിറ്റൈസർമുതൽ മരുന്നുകൾ വരെ എത്തിക്കും. ആറ്റിങ്ങലിൽ നിന്നു വരെ വിളി വരുന്നു. പക്ഷേ അത്രയും ദൂരെ സഹായം എത്തിക്കാൻ നിവൃത്തിയില്ല. തന്നെപ്പോലെ മറ്റുള്ളവരും ഈ ദൗത്യം ഏറ്റെടുക്കണമെന്നു ജോയിക്കുട്ടിയുടെ അഭ്യർഥന. നാലാഞ്ചിറ മാർ ബസേലിയോസ് എൻജി. കോളജിൽ സീനിയർ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജീവനക്കാരനായ ജോയിക്കുട്ടി ഇതുവരെ 8 ലക്ഷം പേർക്ക് ഭക്ഷണം കൊടുത്തുകാണും. ‘‘. സീറോ ബാലൻസ് അക്കൗണ്ടാണ് തന്റേത്. ദൈവത്തിന്റെ കരങ്ങൾ ആരിലൊക്കെയോകൂടെ എത്തിക്കുന്നു ഞാൻ വിളമ്പുന്നു.’’ – ജോയിക്കുട്ടി പറയുന്നു. ഒരു കിലോ അരിയായി പോലും ചിലർ സഹായം തരും. ചിലപ്പോൾ ആശുപത്രിയിൽ കിടന്നപ്പോൾ താൻ കൊടുത്ത ഭക്ഷണം കഴിച്ചവരാകാം. സഹായം തേടി ആർക്കും ജോയിക്കുട്ടിയെ വിളിക്കാം.ഡ്യൂട്ടി സമയം കഴിഞ്ഞാൽ ജോയിക്കുട്ടി സഹായവുമായി എത്തും. ഫോൺ.9497016956