കണ്ണൂര്‍ : സി.കെ ജാനുവുമായി സംസാരിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്ന കെ. സുരേന്ദ്രന്റെ വാദം പൊളിയുന്നു. സി.കെ ജാനുവുമായി സംസാരിക്കുന്നതിനായി ജെ.ആര്‍.പി ട്രഷറര്‍ ആയ പ്രസീതയുമായി കെ.സുരേന്ദ്രന്‍ നടത്തിയ വാട്സ്‌ആപ്പ് ചാറ്റ് പുറത്തായി.
ഫെബ്രുവരി 24, 26 തിയതികളില്‍ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീലേഷ് വയനാട് എന്ന് പറയുന്ന വ്യക്തിയുടെ നമ്പര്‍ അയച്ചുകൊടുക്കുന്നതും സി.കെ ജാനു ആറാം തിയ്യതി ആലപ്പുഴയിലേക്ക് എത്തില്ലെന്നും പറയുന്ന ചാറ്റുകളാണ് പുറത്തായത്.
ബി.ജെ.പിക്കെതിരെ നടക്കുന്നത് പോലെ സി കെ ജാനുവിനെതിരെ നടക്കുന്നതും അസത്യ പ്രചരണങ്ങളാണെന്നും സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാര്‍ച്ച് 7 ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് പണം കൈമാറിയതെന്നാണ് പ്രസീത പറയുന്നത്. അവിടേക്കാണ് സുരേന്ദ്രന്‍ വന്നത്. തങ്ങളോട് റൂമിന് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രസീത പറഞ്ഞു. ഇവര്‍ പോയതിന് ശേഷം പണം കിട്ടിയെന്ന് സി കെ ജാനുവും തങ്ങളോട് പറഞ്ഞതായി പ്രസീത വ്യക്തമാക്കിയിരുന്നു.